തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകൾ കാരണം ജൂൺ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി.ഡി. സതീശന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനാൽ താൽക്കാലികമായി പൊതുജന സന്ദർശനം നിർത്തിവെച്ചതായും അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റിന്റെ അന്തിമ രൂപീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ താൽക്കാലിക അസൗകര്യത്തിൽ പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർഥിച്ചിട്ടുമുണ്ട്.
വിഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഈ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് എത്ര തുക വകയിരുത്തുമെന്നതാണ് പ്രധാന ചർച്ചാവിഷയം. ഇതിനൊപ്പം കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കുള്ള ധനസഹായം, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് എന്നിവയും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.


































