30.8 C
Kollam
Wednesday 16th September, 2026 | 01:47:12 PM
Home News Breaking News കാല്‍നട യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍

കാല്‍നട യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍

കൊല്ലം: ശക്തികുളങ്ങരയില്‍ കാല്‍നട യാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ മൂന്നംഗസംഘം പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ഗുരുദേവ് നഗര്‍ 32, ആമച്ചിറവീട്ടില്‍ തന്‍സീല്‍ (27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, വിജയ നിവാസില്‍ ശ്രീജിത്ത് (26), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ചോഴത്തില്‍ വടക്കേത്തറ വീട്ടില്‍ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 8.30-ഓടെ ശക്തികുളങ്ങര കുരിശ്ശടിക്ക് സമീപമുള്ള സര്‍വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയാണ് സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിച്ചത്. യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഘം കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ തന്‍സീല്‍ നരഹത്യശ്രമം, മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ മുന്‍പ് കാപ്പാ നിയമപ്രകാരവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം പ്രതിയായ ശ്രീജിത്ത് ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ്.എം.ആര്‍-ന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആഷിഖ്, സജയന്‍, സിപിഒ സിദ്ദീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.