തിരുവനന്തപുരം. സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് നടക്കുന്ന ഓപ്പറേഷൻ തൂഫാനില്‍ പ്രതീക്ഷവച്ച് നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിൽ 151 പേരെയാണ് അറസ്റ്റ് ചെയ്തത്. 144 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയും പിടിയിലായി. ഉദ്യോഗസ്ഥര്‍ക്ക് ഇത്രയുമൊക്കെ കഴിയുമോ എന്ന് അമ്പരക്കുകയാണ് ജനങ്ങള്‍. ലഹരി സംഘങ്ങളുടെ വിളയാട്ടം സമൂഹത്തെ അത്രമേല്‍ തകര്‍ത്തിട്ടിരിക്കയാണ്.
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കുകയാണ് പൊലീസ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ ഇന്നലെവരെ ആകെ സംസ്ഥാനത്ത് 1568 കേസുകൾ രജിസ്റ്റർ ചെയ്തു. 1710 പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നാകെ 1.185 കിലോഗ്രാം MDMA, 112.199 കിലോഗ്രാം കഞ്ചാവ്. 1017 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ എടുത്ത കേസുകളുടെ എണ്ണം 144 ആണ്. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി ഡാൻസാഫിന്റെ പിടിയിലായി. ബംഗാൾ സ്വദേശി അൻവർ ഹുസൈൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒരുകിലോ കഞ്ചാവ് 23000 രൂപയ്ക്കാണ് വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത്. വിദ്യാർത്ഥികളുമായി സംഘം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി നശിപ്പിച്ചു.9 മാസം വളർച്ച എത്തിയ ചെടികളാണ് കണ്ടെത്തിയത്.ഇതര സംസ്ഥാന തൊഴിലാളികൾ വളർത്തിയതാണ് എന്നാണ് നിഗമനം.തിരുവനന്തപുരം നെടുമങ്ങാടും കഞ്ചാവ് കടത്തിയ സംഘം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നൗഫൽ, ശരത് വിനോദ്, മുഹമ്മദ് റാഷിദ് എന്നിവരെയാണ് തച്ചരുക്കോണത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 1.20കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം ചെറുപൊതികളാക്കി മറ്റു സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപേരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
സമൂഹമാധ്യമത്തിലും ലഹരിപോരാട്ടം വലിയ ചര്‍ച്ചയാണ്. അതിലേറെപ്പേര്‍ക്കും വലിയ പ്രതീക്ഷയാണീനടപടി. പല കുടുംബങ്ങളും തകര്‍ത്തെറിഞ്ഞതാണ് ലഹരിക്കൈകള്‍. ലോഡുകണക്കിന് വരുന്ന ലഹരി നാടിന് എന്തുമാത്രം പ്രശ്നമാണ് ഉണ്ടാ ക്കിയിരുന്നതെന്ന് ഈ ചര്‍ച്ചകളില്‍കാണാം.
ലഹരിക്കേസുകളില്‍ അറസ്റ്റിലാവുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങി അതേ ബിസിനസ് ചെയ്യുന്നതാണ് കാണുന്നതെന്ന് വിമര്‍ശനമുണ്ട്. മയക്കുമരുന്നു കേസുകളില്‍പെട്ടാല്‍ പുറത്തുവരില്ലെന്നതൊക്കെ പഴയ ധാരണയാണ്. സ്ഥിരം കച്ചവടക്കാരും ഗുണ്ടകളും പുഷ്പംപോലെ പുറത്തുവരുന്നു. മറ്റൊരു വലിയ നിര്‍ദ്ദേശവും ചിലര്‍മുന്നോട്ടുവയ്ക്കുന്നു. വലിയ ജയിലുകള്‍ ഇനിയും നിര്‍മ്മിക്കണം. അസൈലം ആയാലും മതി. മയക്കുമരുന്നു കേസുകാരെ കൈകാര്യം ചെയ്യാനായി മാത്രം ജയിലുകള്‍ വേണം. അവരില്‍ നല്ല നടപ്പിന് യോഗ്യരായവരെ കണ്ടെത്തി മാനസാന്തരപ്പെടുത്തി വിടണം.
പ്രതീക്ഷനശിച്ചിരുന്ന സമൂഹത്തിന്‍റെ പ്രത്യാശയാണ് ഇതിലെല്ലാം കാണാനാവുന്നത്.



































