തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.
യുഡിഎഫിലെ രണ്ട് എംഎല്‍എമാരും എല്‍ഡിഎഫിലെ ഒരംഗവും നിയമസഭയില്‍ ഹാജരായിരുന്നില്ല. ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍, സി കെ ഹരീന്ദ്രന്‍ എന്നിവരാണ് നിയസഭയില്‍ ഹാജരാകാതിരുന്നത്.

































