28.7 C
Kollam
Tuesday 22nd September, 2026 | 12:37:56 PM
Home News Breaking News കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം; കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്

കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം; കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. കെസി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയം കൂടുതൽ കലുഷിതമായി. ഇന്ന് വൈകീട്ടോടെ തലസ്ഥാന നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രതിഷേധിക്കുകയും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്യുന്ന കാഴ്ചകളാണ് കണ്ടത്.

കെപിസിസി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ഇന്ന് ഉച്ചയ്ക്ക് ഹൈക്കമാൻഡ് പ്രതിനിധികളുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് കെസി അനുകൂലികൾ ആസ്ഥാനത്തിന് മുന്നിൽ ഫ്ലെക്സ് സ്ഥാപിച്ചത്. തുടർന്ന് നടന്ന എംഎൽഎമാരുടെ അഭിപ്രായശേഖരണത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് കൂടുതൽ പിന്തുണ ലഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതാണ് മറ്റ് വിഭാഗങ്ങളെ പ്രകോപിപ്പിച്ചത്. കെസി വേണുഗോപാലിന് മുൻതൂക്കം ലഭിച്ചതോടെ വിഡി സതീശൻ അനുകൂലികൾ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലും ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുകയാണ്. നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ വഴിമുട്ടിയതോടെ കേരളത്തിലെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.