കൊച്ചി: കോൺഗ്രസിനായി സംസ്ഥാനത്ത് മണ്ഡലാടിസ്ഥാനത്തിൽ അടിയൊഴുക്കുകൾ പഠിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘം ഹൈക്കമാൻഡിന് സമർപ്പിച്ച അന്തിമ വിശകലന റിപ്പോർട്ടിൽ ഇടതിന് തുടർഭരണം പ്രവചിച്ചതായി സൂചന. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 75 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ,കളുമായി ശക്തമായ പോരാട്ടം കാഴ്ചവെക്കുമ്പോൾ, നേമത്തും പാലക്കാട്ടും വെന്നിക്കൊടിനാട്ടി ബിജെപി നിയമസഭയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ എൽഡിഎഫ് തരംഗം പ്രകടമാകുമ്പോൾ മലപ്പുറം, എറണാകുളം ജില്ലകളിൽ യുഡിഎഫ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമെന്നാണ് പ്രവചനം. ജില്ലാടിസ്ഥാനത്തിലുള്ള പ്രവചനങ്ങൾ പരിശോധിക്കുമ്പോൾ, തിരുവനന്തപുരത്ത് 11 സീറ്റുകൾ നേടി എൽഡിഎഫ് കരുത്തുകാട്ടുമ്പോൾ യുഡിഎഫ് 2 സീറ്റിലും ബിജെപി ഒരു സീറ്റിലും ഒതുങ്ങും. കൊല്ലത്ത് യുഡിഎഫ് 6 സീറ്റുകൾ നേടി നേരിയ മുൻതൂക്കം നേടുമ്പോൾ എൽഡിഎഫിന് 5 സീറ്റുകൾ ലഭിക്കും.
പത്തനംതിട്ടയിൽ എൽഡിഎഫ് മൂന്നും യുഡിഎഫ് രണ്ടും സീറ്റുകൾ പങ്കിടും. ആലപ്പുഴയിൽ 7 സീറ്റുകൾ നേടി എൽഡിഎഫ് ആധിപത്യം തുടരുമ്പോൾ യുഡിഎഫിന് 2 സീറ്റുകൾ മാത്രമേ ലഭിക്കൂ. കോട്ടയത്ത് 5 സീറ്റുകളിൽ യുഡിഎഫും 4 എണ്ണത്തിൽ എൽഡിഎഫും വിജയിക്കും. ഇടുക്കിയിൽ യുഡിഎഫ് 3 സീറ്റും എൽഡിഎഫ് 2 സീറ്റും നേടുമെന്ന് കണക്കുകൾ പറയുന്നു.
എറണാകുളത്ത് 10 സീറ്റുകളുമായി യുഡിഎഫ് മേധാവിത്വം പുലർത്തുമ്പോൾ എൽഡിഎഫ് 4 സീറ്റുകളിൽ വിജയിക്കും. തൃശൂരിൽ 10 സീറ്റുകൾ നേടി എൽഡിഎഫ് മുന്നേറ്റം നടത്തുമ്പോൾ യുഡിഎഫിന് 3 സീറ്റുകൾ ലഭിക്കും. പാലക്കാട് ജില്ലയിൽ എൽഡിഎഫ് ഒൻപതും യുഡിഎഫ് രണ്ടും ബിജെപി ഒന്നും സീറ്റുകൾ നേടും. മലപ്പുറത്ത് 15 സീറ്റുകളുമായി യുഡിഎഫ് ഏകപക്ഷീയമായ വിജയം നേടുമ്പോൾ എൽഡിഎഫ് ഒരു സീറ്റിൽ ഒതുങ്ങും. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് 7 സീറ്റും യുഡിഎഫ് 6 സീറ്റും നേടും. വയനാട്ടിൽ യുഡിഎഫ് രണ്ടും എൽഡിഎഫ് ഒന്നും സീറ്റുകൾ പങ്കിടും. കണ്ണൂരിൽ എൽഡിഎഫ് എട്ടും യുഡിഎഫ് മൂന്നും സീറ്റുകൾ നേടുമ്പോൾ കാസർകോട് ജില്ലയിൽ എൽഡിഎഫ് മൂന്നും യുഡിഎഫ് രണ്ടും സീറ്റുകൾ സ്വന്തമാക്കും.
കണ്ണൂർ ജില്ലയിലാണ് എൽഡിഎഫ് ഏറ്റവും ഉയർന്ന വോട്ട് വിഹിതം (49.6%) രേഖപ്പെടുത്തുന്നത്. യുഡിഎഫിന് ഏറ്റവും കൂടുതൽ വോട്ട് വിഹിതമുള്ളത് മലപ്പുറം ജില്ലയിലാണ് (52.6%). തിരുവനന്തപുരം (24.2%), കാസർകോട് (22.4%), പത്തനംതിട്ട (21.0%) എന്നീ ജില്ലകളിൽ എൻഡിഎ 20 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം നേടുമെന്ന് പ്രവചിക്കപ്പെടുന്നു. തൃശൂർ (19.5%), പാലക്കാട് (18.1%) ജില്ലകളിലും എൻഡിഎ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും റിപ്പോർട്ട് സൂചന നൽകുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്മാർ മാറ്റുരയ്ക്കുന്ന പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടങ്ങളാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. തൃത്താലയിൽ മന്ത്രി എംബി രാജേഷിന് പരാജയസാധ്യതയുണ്ടെന്നും 47 ശതമാനം വോട്ട് വിഹിതത്തോടെ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുമെന്നുമാണ് കനഗോലു സംഘത്തിന്റെ കണ്ടെത്തൽ. പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിനെ പിന്നിലാക്കി യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല സീറ്റ് പിടിച്ചെടുക്കും. പാലായിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി പരാജയപ്പെടുമെന്നും യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രൻ 39 ശതമാനം വോട്ടുകളോടെ വിജയത്തിന് തൊട്ടടുത്തെത്തുമെങ്കിലും യുഡിഎഫിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും.
അതേസമയം, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കോട്ടകൾ ഭദ്രമായി കാക്കും. മലബാർ മേഖലയിലെ കരുത്തരായ ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിലും പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. പേരാവൂരിൽ കെ കെ ശൈലജയെ രംഗത്തിറക്കിയുള്ള ഇടതുപരീക്ഷണം പാളുമെന്നാണ് സൂചന. സണ്ണി ജോസഫിലൂടെ യു.ഡി.എഫ് മണ്ഡലം നിലനിർത്താനാണ് സാധ്യത. മധ്യകേരളത്തിൽ കളമശ്ശേരിയിൽ പി. രാജീവ് വിജയം ഉറപ്പിക്കുമ്പോൾ, കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജൻ പരാജയപ്പെടാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ കനഗേലുവും ശരിവെക്കുന്നു. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരന് പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടിലെ സൂചന. ആറന്മുളയിൽ വീണാ ജോർജിനും കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനും വിജയം തുടരാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആയിഷ പോറ്റിയുടെ പാർട്ടി മാറ്റം ചർച്ചയാകുമെങ്കിലും കൊട്ടാരക്കര ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.




































