29.8 C
Kollam
Saturday 5th September, 2026 | 12:55:55 PM
Home News Breaking News വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ ഉടമയ്ക്ക് ഭീഷണി

വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ ഉടമയ്ക്ക് ഭീഷണി

വയനാട്. ടൗൺ ഷിപ്പിലെ വീടുകളുടെ നിർമാണത്തിലെ ഗുണ നിലവാരത്തെ ചൊല്ലിയ തർക്കം രാഷ്ട്രീയമായി വിവാദമാകുന്നതിനിടെ, ദുരന്തബാധിതരുടെ വീടുകളുടെ സുരക്ഷയും ആശങ്കയും വീണ്ടും ചർച്ചയാകുകയാണ്. ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ തനിക്ക് ഭീഷണി നേരിടേണ്ടി വന്നത് പാർട്ടിക്കാരനിൽ നിന്നെന്നു വീട്ടുടമസ്തനായ നൗഫൽ. തനിക്ക് അറിയാവുന്ന വ്യക്തി തന്നെയാണ് ഭീഷണിപ്പെടുത്തിയത്.

ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും നൗഫൽ പറഞ്ഞു. ഇന്നലെ മന്ത്രി കെ രാജൻ സന്ദർശിച്ചപ്പോൾ യഥാർത്ഥത്തിൽ വിള്ളൽ ഉണ്ടായ ഭാഗം പരിശോധിക്കാതെ, പെൻസിൽ മാർക്ക് ചെയ്ത ഭാഗങ്ങൾ മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും നൗഫൽ പറഞ്ഞു. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ വ്യക്തമായി കാണാമെന്നും, അത് മന്ത്രി കണ്ടില്ല. കണ്ടിട്ടും കാണാത്ത പോലെ നിന്നതാണോ എന്ന് തോന്നും. വീട്ടുടമയായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല.


അതേസമയം, മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകൾ ഉണ്ടെന്ന് മന്ത്രി സമ്മതിച്ചെങ്കിലും, വീടുകളിൽ വിള്ളൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതുവരെ ദുരന്തബാധിതർക്ക് വീടുകൾ കൈമാറിയിട്ടില്ലെന്നും,
പട്ടയം മാത്രമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. നിർമാണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൈമാറ്റം ഉണ്ടാകൂവെന്നും, തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായാൽ കരാർ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ തന്‍റെ വീടിന്‍റെ തകരാര്‍ തുറന്നു പറഞ്ഞ് പരിഹാരം തേടിയ നൗഫലിനെതിരെ ഇടതു സൈബര്‍ ഹാന്‍ഡിലുകളില്‍ ആക്രമണം രൂക്ഷമാണ്. സര്‍ക്കാരിനെ അപമാനിക്കാന്‍ മനപൂര്‍വം ശ്രമിച്ചതായാണ് ആക്ഷേപം.


ഇതിനിടെ, യൂത്ത് കോൺഗ്രസ് നേതാവ് ഒജെ ജനീഷിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം നടന്നു. വിള്ളൽ മായ്ച്ച് മറയ്ക്കാനാകില്ലെന്നും സർക്കാർ അവകാശവാദങ്ങൾ യാഥാർത്ഥ്യവിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.