കൊച്ചി: ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് എംഎഡിഎംഎയുമായി റിന്‍സി പിടിയിലായത്. റിന്‍സിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.
ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകള്‍ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. റെയ്ഡില്‍ റിന്‍സിയുടെ പക്കല്‍ നിന്നും 3.58 ഗ്രാം എംഎഡിഎംഎയാണ് കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം ജൂലൈയിലും റിന്‍സി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അന്ന് റിന്‍സി മുംതാസ് എംഡിഎംഎയുമായി പിടിയിലാകുന്നത്. സിനിമാ മേഖലയിലെ ലഹരി വില്‍പ്പനയില്‍ അടക്കം റിന്‍സിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിഷുദിനത്തിൽ കൊച്ചിയിൽ എക്സൈസിന്റെ ലഹരി വേട്ടയില്‍ 142 ഗ്രാം എംഡി എം എ, നാല് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മലപ്പുറം സ്വദേശി സുഹൈൽ റാഷിദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലേക്ക് സ്ഥിരമായി ലഹരി മരുന്ന് എത്തിക്കുന്ന പ്രധാനിയാണ് ഇയാൾ എന്ന് എക്സൈസ് പറഞ്ഞു. സുഹൈൽ താമസിച്ചിരുന്ന മുറിയിൽ നിന്ന് ലഹരി തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ് ഉൾപ്പെടെ പിടിച്ചെടുത്തു. ഇയാളെ കേന്ദ്രീകരിച്ചും ലഹരി വില്പന സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ നീക്കം.




































