അരിക്കൊമ്പൻ കേരളത്തിന് 15 കിലോമീറ്റര്‍ മാത്രം അകലെ , വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്

കന്യാകുമാരി. കാട്ടാന അരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമെന്ന ആശങ്കക്കിടെ വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ആനയുള്ളതെന്നും റേഡിയോ കോളർ നിരീക്ഷണത്തിനുള്ള ആൻറിന തിരുവനന്തപുരത്തെത്തിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പൻറെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്നറിയിച്ച് കന്യാകുമാരി ജില്ലാ കളക്ടറും രംഗത്തെത്തി.


കന്യാകുമാരി വനമേഖലയിലുള്ള അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് കടക്കുമോ എന്നാണ് കേരളത്തിൻറെ ആശങ്ക. മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിർദേശിച്ചു. അരിക്കൊമ്പൻറെ റേഡിയോ കോളർ സിഗ്നൽ
നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴിൽ നിരീക്ഷണത്തിനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തി. ആന കേരള അതിർത്തിയിൽ നിന്നും 15കിലോമീറ്റർ അകലെയായതിനാൽ നിലവിൽ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. നെയ്യാറിലേക്കുള്ള പാതയിൽ ചെങ്കുത്തായ കുന്നുകളും ചെരിവുകളുമുള്ളതിനാൽ ആന വേഗത്തിൽ ഇവിടേക്കെത്തുമെന്ന് വനംവകുപ്പ് കരുതുന്നില്ല. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതോടെ ആശങ്ക വേണ്ടെന്നറിയിച്ച് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ രംഗത്തെത്തി. തമിഴനാട് വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയ്‌ക്കൊപ്പമുണ്ട്. തുറന്നുവിട്ട സ്ഥലത്ത് നിന്നും പത്ത് കിലോമീറ്ററിനുള്ളിലാണ് നിലവിൽ ആനയുള്ളതെന്നും സഞ്ചാരവേഗം വളരെ കുറവെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

Advertisement