കാട്ടുകൊമ്പന്മാർ വിറപ്പിക്കുന്ന നാട്

ഇടുക്കി / കണ്ണൂർ. മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടിയിൽ വഴിയോരക്കട ആക്രമിച്ചു. മൂന്നാറിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനെ പ്രകോപിപ്പിച്ച രണ്ടുപേർക്കെതിരെ വനം വകുപ്പ് കേസ് എടുത്തു. അതേസമയം കണ്ണൂർ, കണ്ണൂർ കേളകം അടക്കാത്തോട്  ജനവാസ മേഖലയിൽ ഇറങ്ങിയ  കടുവയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.


പുലർച്ചെ ആറരയോടെയാണ് മാട്ടുപ്പെട്ടി ബോട്ട് ലാൻഡിങ്ങിന് അടുത്ത് പടയപ്പ ഇറങ്ങിയത്. വഴിയോരക്കട തകർത്ത കാട്ടാന കടയിലെ സാധനങ്ങളും ഭക്ഷിച്ചു.  RRT ടീം എത്തി തുരത്തിയെങ്കിലും പടയപ്പ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. നേര്യമംഗലം കാഞ്ഞിരവേലയിലും വീണ്ടും കാട്ടാന ഇറങ്ങി. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ ഒറ്റക്കൊമ്പൻ എന്ന കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

കട്ടക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയെ പ്രകോപിപ്പിച്ച  ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ , രവി  എന്നിവർക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് നടപടി. ഇരുവരേയും ഉടൻ അറസ്റ്റ് ചെയ്തേക്കും.

കണ്ണൂർ, അടക്കത്തോട് ജനവാസ മേഖലയിൽ കറങ്ങി നടന്ന കടുവയെ കണ്ടെത്തി. പ്രദേശത്തെ റബർ തോട്ടത്തിലാണ്  കടുവയെ കണ്ടെത്തിയത്.
മയക്കുവെടി വെച്ച് പിടികൂടാനാണ്  തീരുമാനം. എന്നാൽ കടുവ അവശനെന്ന് നിഗമനമുള്ളതിനാൽ  വലയിട്ട് പിടികൂടുന്നതും പരിഗണനയിലുള്ളതായി വനം വകുപ്പ് വ്യക്തമാക്കി.

Advertisement