‘കാലിൽ ബൂട്ടണിയാൻ കൊതിച്ചു, 10-ാം ക്ലാസ് പരീക്ഷ ഫലത്തിന് കാത്ത് നിന്നില്ല’; 6 പേർക്ക് ജീവനേകി സാരംഗ് മാഞ്ഞു

കല്ലമ്പലം: വാഹനാപാകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ സാരംഗിൻറെ വിയോഗം നാടിന് വേദനയാകുന്നു. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിന് തൊട്ടു മുൻപെയാണ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് (16) മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച മരണപ്പെട്ട സാരംഗിൻറെ അവയവങ്ങൾ ആറു പേർക്കായി ഇന്ന് ദാനം ചെയ്യും.

അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സാരംഗിൻറെ മരണം സ്ഥിരീകരിച്ചത്.
സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 6 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാരംഗിൻറെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു

പഠനത്തിനൊപ്പം ഫുട്ബോളിലും സാരംഗ് മിടുക്കനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ, ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം. പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ സാരംഗ് ഈ ലോകത്ത് ഇല്ലാത്ത് അങ്ങേയറ്റം സങ്കടകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഫുട്ബോളും കേരള ബ്ലാസ്റ്റേഴ്‌സുമൊക്കെ ഇല്ലാത്തിടത്തേക്ക് നീ പോയപ്പോൾ നേരിട്ട് കണ്ടില്ലെങ്കിലും വല്ലാത്ത സങ്കടമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

സാരംഗ്,
ഇന്ന് നീ എഴുതിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയാണ്. നീയിപ്പോൾ കാണാമറയത്താണ്. എന്നാൽ നിന്റെ അവയവങ്ങൾ പലരിലും ജീവന്റെ തുടിപ്പുകൾ ആണ്. ഫുട്ബോളും കേരള ബ്ലാസ്റ്റേഴ്‌സുമൊക്കെ ഇല്ലാത്തിടത്തേക്ക് നീ പോയപ്പോൾ നേരിട്ട് കണ്ടില്ലെങ്കിലും വല്ലാത്ത സങ്കടം. ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥി സാരംഗിന് ആദരാഞ്ജലികൾ…

Advertisement