കുണ്ടറയിൽ പൊലീസിനുനേരെ വടിവാൾ വീശി പ്രതികൾ; വെടിയുതിർത്ത് ഇൻഫോപാർക്ക് പൊലീസ്

കൊച്ചി: ഇൻഫോപാർക്കിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചെന്ന കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. കൊല്ലം കുണ്ടറ കരിക്കുഴിയിൽ വച്ചാണ് സംഭവം. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം നാലു റൗണ്ട് ആകാശത്തേക്കു വെടിയുതിർത്തു. വെടിവയ്പ്പുണ്ടായതോടെ രണ്ടു പ്രതികൾ കായലിൽ ചാടി കടന്നുകളഞ്ഞു. ഇന്നലെ അർധരാത്രിക്കുശേഷം ഒരു മണിയോടെയാണു സംഭവം.
പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അവിടെയെത്തിയത്.പൊലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് നാലു റൗണ്ട് വെടിയുതിർത്തത്. നാലു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. പ്രതികളിൽ ഒരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിനെ നേരത്തേ പിടികൂടിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പ്രതികൾക്കായി പരിശോധനയ്ക്കെത്തിയത്.

പ്രതികളായ ആന്റണി ദാസ്, ലിയോപ്ലാസറ്റ് എന്നിവർ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ട് എന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. സ്ഥലത്തെത്തുമ്പോൾ പ്രതികൾ ഉണ്ടായിരുന്നെങ്കിലും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ പ്രതികൾ കായലിലേക്കു ചാടി രക്ഷപെട്ടു.

ആന്റണി ദാസ് 20ൽ അധികം കേസുകളിലെ പ്രതിയാണ്. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള കേസുകളുള്ള ഇയാളെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. അടുത്തിടെയാണു നാട്ടിലേക്ക് എത്തിയത്. തൊട്ടു പിന്നാലെയാണ് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചത്.

Advertisement