അറിയാം മമ്മൂട്ടിയുടെ ഭാര്യമാരുടെ വിശേഷങ്ങൾ

നൻപകൽ നേരത്തെ മയക്കം സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടി മാധ്യമങ്ങളോടു പറഞ്ഞു,‘‘എനിക്കീ സിനിമയിൽ രണ്ടു ഭാര്യമാരുണ്ടേ’’. ആരാണ് ആ രണ്ടു ഭാര്യമാർ, അപ്പോൾ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം രണ്ടു കെട്ടിയതാണോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി നൻപകൽ നേരത്തെ മയക്കം റീലിസാവുകയും പ്രേഷകരുടെയും നിരൂപകരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുകയുമാണ്. എന്നാൽ സുന്ദരത്തിന്റെ തമിഴ് പൊണ്ടാട്ടിയായ പൂങ്കുഴലിയും, ജെയിംസിന്റെ ചങ്ങനാശേരിക്കാരിയായ ഭാര്യ സാലിയും സിനിമയിലെ സങ്കട ഭാവമെല്ലാം മറന്ന് ഇപ്പോൾ ഹാപ്പിയാണ്. സിനിമയെയും അവരുടെ കഥാപാത്രത്തെയും ജനങ്ങൾ കൈനീട്ടി സ്വീകരിച്ചതിൽ. ഭാര്യാ കഥാപാത്രമായി അരങ്ങിലെത്തുന്നു എന്ന സാമ്യം മാത്രമല്ല, രണ്ടു നായികമാരുടെയും പേരും രമ്യ എന്നാണ്. തിരുനെൽവേലി സ്വദേശി രമ്യ പാണ്ഡ്യയനും (പൂങ്കുഴലി), കന്നട– തമിഴ് വേരുകളുള്ള തൃശൂർ കൊടകരയിൽ ജനിച്ചു വളർന്ന രമ്യ സൂവിയും(സാലി).

ബയോ മെഡിക്കൽ എൻഞ്ചീനിയറിങ് പഠിച്ചിറങ്ങി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്തു സുഹൃത്ത് ചെയ്യുന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതോടെ രമ്യ പാണ്ഡ്യനിലേക്കു സിനിമാ ഓഫറുകൾ എത്തിത്തുടങ്ങി. ജോക്കർ, ആൺദേവതൈ, രാമേ ആണ്ടാളും രാവണേ ആണ്ടാളും എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. അന്തരിച്ച പ്രശസ്ത സിനിമാനടൻ വിവേക്, രാമേ ആണ്ടാളും രാവണേ ആണ്ടാളും സിനിമയിലെ പ്രകടനത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമയേക്കാൾ രമ്യ പാണ്ഡ്യയനെ ലോകം അറിഞ്ഞു തുടങ്ങിയത് ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ്. തമിഴ് ബിഗ് ബോസ് സീസൺ 4ൽ നാലാം സ്ഥാനത്തെത്തിയും കുക് വിത്ത് കോമാളിയിലെ മത്സരാർഥിയായും, ലക്ഷക്കണക്കിനു ഫാൻ ബേസുള്ള, ‘ഗെത്ത്’ ഫാൻസ് എന്ന പേരിൽ ഫാൻ ഗ്രൂപ്പുള്ളയാളുമാണ് രമ്യ പാണ്ഡ്യയൻ. തമിഴ് സിനിമയിലെ പ്രകടനം കണ്ട് നൻപകൽ നേരത്തെ മയക്കം സിനിമയുടെ കാസ്റ്റിങ് ടീമിൽ നിന്ന് ക്ഷണം വരികയും ഏറെ നാളത്തെ മലയാള സിനിമയെന്ന സ്വപ്നത്തിലേക്ക് എത്തുകയും ചെയ്തു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാലെന്താ, സിനിമ

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നിന്ന് ബിഎ, എംഎ ഭരതനാട്യം കഴിഞ്ഞ് നൃത്തത്തിന്റെ വഴിയിൽ ചുവടുറച്ചു നിന്ന് ‘അഭിനയ’ രൂപത്തിൽ പകർന്നാടുമ്പോൾ രമ്യ സൂവിക്കു മനസ്സിൽ സിനിമ എന്ന മോഹമില്ല. പിന്നെയല്ലെ, മമ്മൂട്ടിയുടെ നായികയായി അരങ്ങിലെത്തുന്നത്. ചിരുത എന്ന മ്യൂസിക് വീഡിയോ മാത്രം ചെയ്തു പരിചയമുള്ള, സിനിമയിലെ ഒരു ചെറിയ വേഷത്തിനു ഓഡിഷൻ നൽകാൻ പോയ ആൾ മടങ്ങി വന്നത് നായികാ കഥാപാത്രത്തിന്റെ അവസരവുമായിട്ടാണ്. സിനിമയെക്കുറിച്ചറിയില്ലെങ്കിലും പഴനിയിലെ സെറ്റിൽ ചിലവഴിച്ച 30 ദിവസവും, ആദ്യമായി നൃത്തം ചെയ്യാൻ പോകുന്ന കൗതുകത്തിൽ സിനിമയുടെ രസങ്ങളും മനസ്സിലാക്കി. തമിഴ്നാട്ടുക്കാരിയായ അമ്മയിൽ നിന്ന് കേട്ട ഭാരതിയാർ കവിതൈകളും സുജാത കഥൈകളും, പാട്ടിയുടെ വീടായ മേട്ടുപാളയത്തെ സിറുമുഖൈ ഗ്രാമത്തെയും ഓർമിപ്പിക്കുന്ന അന്തരീക്ഷത്തിൽ അലിഞ്ഞു ചേരാൻ അധികം സമയം വേണ്ടി വന്നില്ല.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സെറ്റിൽ ഭയമില്ലാതെ ചെല്ലുകയെന്നതു സാധ്യമല്ല. എന്നാൽ ഭയത്തെ ഇല്ലാതെയാക്കുന്ന എല്ലാവരെയും ഒരേ പോലെ കളിയാക്കുന്ന, ‘ടിപ്സ്’ കൊടുക്കുന്ന മമ്മൂട്ടിയെ അടുത്തറിഞ്ഞതിലുള്ള സന്തോഷത്തിലാണു രണ്ടു നായികമാരും. ഇടയ്ക്കൊരു ഗെയിംമുമുണ്ട്. ഒരു ഡയലോഗ് പറയും. അതെത്ര ഭാവത്തിൽ പറയാൻ കഴിയുമെന്നു പരീക്ഷിക്കും. നവരസങ്ങളുമെടുത്ത്, അതിലും മോഡുലേഷൻ വരുത്തി പറഞ്ഞാൽ, അഭിനന്ദനം കിട്ടും, ‘‘കൊള്ളാം, ആക്ടിങ് ട്രാക്കിലാണെന്ന്’’. സീനുകൾക്കിടയിൽ കിട്ടുന്ന ഇടവേളയിൽ സീനുകൾ എങ്ങനെ ചെയ്താൽ ഒന്നൂടെ നന്നാവുമെന്ന മാസ്റ്റർ ടിപ്പും നൽകും. മെഗാസ്റ്റാറിന്റെ മെഗാ സംഭവം പക്ഷേ തമാശകളാണ്. എല്ലാവരെയും പറ്റി തമാശകൾ പറഞ്ഞ്, ക്രൂവിനെ മുഴുവൻ ചെറു കൗണ്ടറുകൾ കൊണ്ട് ചിരിപ്പിച്ചു കളയും. കാലാവസ്ഥ മാറ്റം കാരണം പനിപ്പിടിച്ച രമ്യ സൂവിക്കു പേടിപ്പനിയാണെന്ന കഥയുമുണ്ടാക്കി രസിച്ച് അവസാനം പനി പിടിച്ചപ്പോൾ എനിക്കു പനി തന്നതാരാ എന്ന ചോദ്യവുമായി പരിഭവം കലർന്ന തമാശയും കാച്ചിയാണ് ഷൂട്ടിന്റെ അവസാന ദിവസവും മടങ്ങിയത്. മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് സ്വന്തം മമ്മൂക്കയാകാൻ പഴനിയിലേക്കുള്ള ദൂരമേ ഇവർക്കു വേണ്ടിവന്നുള്ളൂ.

ഉച്ചയുറക്കത്തിൽ കണ്ട മനോഹരമായ സ്വപ്നം പോലെ സംഭവിച്ച സിനിമ രണ്ടു നായികമാർക്കും സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളാണ്. സിനിമയുടെ അവസാനം ദുഃഖമാണോ, സന്തോഷമാണോ അതു കലർന്നതാണോ എന്ന ചിന്തകളുണ്ടങ്കിലും ഇവർക്ക് ഒരു നല്ല സിനിമാ പരമ്പരയുടെ ആദ്യ ഭാഗത്തിന്റെ ഹാപ്പി എൻഡിങ് പോലെയാണ് സിനിമയ്ക്കു ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ.

ചെന്നൈയിലെ വീട്ടിൽ പുതിയ തമിഴ് സിനിമകളുടെ ചർച്ചയുടെ തിരക്കുകൾക്കിടയിൽ മലയാള സിനിമയിലെ അടുത്ത അവസരത്തിനായുള്ള കാത്തിരിപ്പിലാണു രമ്യ പാണ്ഡിയൻ. കൊച്ചിയിൽ സ്പേയ്സ് ഫോർ ഡാൻസ്: ഹീൽ, എന്ന നൃത്തിനായൊരു ഇടം ഒരുക്കുന്ന തിരക്കുകളിലാണ് രമ്യ സൂവി. ജീവിത കഥയിൽ എഴുതി ചേർക്കാതിരുന്ന സിനിമയെന്ന ഏടിനെ ചേർത്തുപിടിച്ചു പുതിയ തിരക്കഥ രചിക്കാനുള്ള തയാറെടുപ്പിലാണ്.

Advertisement