മൂന്നാർ: വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രണയ വിവാഹത്തിന് യുവതിയുടെ മാതാപിതാക്കൾ എതിർത്തതോടെ പഞ്ചായത്ത് ഓഫീസിൻറെ സഹായം തേടിയ കമിതാക്കളുടെ വാർത്തയാണത്.

പഞ്ചായത്ത് ഓഫീസിൽ വിവാഹിതരാകാനുള്ള ആഗ്രഹവുമായി എത്തിയ യുവാവിനും യുവതിക്കും പഞ്ചായത്ത് പ്രസിഡൻറ് തന്നെ മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നൽകിയതോടെ മനോഹര പ്രണയകഥയിൽ ഇരുവരുടെയും സ്വപ്നങ്ങൾ പൂവണിഞ്ഞു. മൂന്നാർ പഞ്ചായത്ത് പ്രസിഡൻറ് പ്രവീണ രവികുമാറിൻറെ ഓഫിസിലാണ് വ്യത്യസ്തമായ വിവാഹം നടന്നത്.

കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവർ ഡിവിഷൻ സ്വദേശികളായ വർഗീസ് തങ്കം ദമ്പതികളുടെ മകൻ സുധൻ സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി തമിഴ് സെൽവി ദമ്പതികളുടെ മകൾ നിവേദ(22) എന്നിവരുടെ വിവാഹമാണ് പഞ്ചായത്ത് ഓഫിസിൽ നടന്നത്. ചെന്നൈയിൽ ഡ്രൈവറായ സുധനും നിവേദയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു.

യുവതിക്ക് വീട്ടുകാർ വിവാഹാലോചന തുടങ്ങിയതിനെ തുടർന്ന് സുധനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാൻ അഭ്യർത്ഥിച്ചെങ്കിലും കടുത്ത എതിർപ്പാണ് ഉണ്ടായത്. തുടർന്ന് വാഗുവര വാർഡിലെ പഞ്ചായത്തംഗമായ ഉമാ രമേശ് യുവതിയുടെ വീട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വീട്ടുകാർ അമ്പിനും വില്ലിനും അടുത്തില്ല. യുവതിയുടെ ബന്ധുക്കളിൽ നിന്നുള്ള ഭീഷണി കടുത്തതോടെയാണ് രണ്ടു പേരും മെമ്പറായ ഉമയോടൊപ്പം പഞ്ചായത്തിലെത്തി പ്രസിഡൻറിനോട് വിവരം പറഞ്ഞത്.

തുടർന്ന് പ്രസിഡൻറിൻറെ ഓഫിസിൽ വച്ചു തന്നെ വിവാഹം കഴിക്കാൻ ഇരുവരും തയാറായതോടെ പ്രവീണ ഈ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചു. ബാക്കി കാര്യങ്ങളെല്ലാം സുധനും നിവേദയും ആഗ്രഹിച്ചത് പോലെ തന്നെ നടന്നു. താലിമാലയും വിവാഹമോതിരങ്ങളുമായി ബന്ധുക്കൾ പ‍ഞ്ചായത്ത് ഓഫീസിലെത്തി. പ്രസിഡൻറ് പ്രവീണ എടുത്തു നൽകിയ താലിമാല സുധൻ, ബന്ധുക്കളും പഞ്ചായത്തംഗങ്ങളായ ഉമ, പി. മേരി എന്നിവരുടെ സാന്നിധ്യത്തിൽ നിവേദയുടെ കഴുത്തിൽ ചാർത്തി. തുടർന്ന് പഞ്ചായത്തിലെ ജീവനക്കാർക്കും പഞ്ചായത്തംഗങ്ങൾക്കും മധുരം നൽകിയ ശേഷമാണ് ബന്ധുക്കൾക്കൊപ്പം ഇരുവരും മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here