‘കഥ മാറ്റിയെഴുതും പൊന്‍തൂവല്‍’…തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

ഭീഷ്മപര്‍വ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
‘കഥ മാറ്റിയെഴുതും പൊന്‍തൂവല്‍’- എന്ന അടിക്കുറിപ്പില്‍ ദേവദത്ത് ഷാജി തന്നെയാണ് വിവാഹചിത്രം പങ്കുവച്ചത്. നടി റൈനയുടെ ഇരട്ടസഹോദരിയാണ് ഷൈന. ഫാലിമി, കുടുക്ക്, ബി 32 മുതല്‍ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റൈന. ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
സിംപിളായി നടന്ന വിവാഹത്തേക്കുറിച്ച് ഷൈനയുടെ അമ്മയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവരാജ് ഷാജി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം കുറിച്ചത്.

Advertisement