പൊതുഗതാഗതമേഖലയെ തകർത്ത സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയേയും തകർക്കാൻ ശ്രമിക്കുന്നു പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ തകർത്ത് കെ എസ് ആർ ടി സി ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയേയും തകർക്കാൻ ശ്രമിക്കുകയാണെന്ന് ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന സമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് ആർ ടി സി യിൽ ജോലി ചെയ്തിട്ട് ശമ്പളം കിട്ടാത്തതിൻ്റെ പേരിൽ നാൽപ്പത്തിയൊന്ന് തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തവർക്ക് കൂലി കൊടുക്കാത്ത ലോകത്തെ ആദ്യ സർക്കാരാണ് പിണറായിയുടേത്.
സംസ്ഥാനത്ത് പിണറായി സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ‘ഗ്ലോറിഫൈഡ് തുഗ്ലക്കൻ’ പരിഷ്ക്കാരമെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലേയും രാജ്യത്തേയും വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി തീരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സംസ്ഥാന സർക്കാറിൻ്റെ സമീപനം എന്താണെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ധർണ്ണയിൽ എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് പി എസ് ഗോപകുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ, എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് ടി എൻ രമേശ്, പെൻഷണേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി കെ കെ ശ്രീകുമാർ, ഗവ. പ്രസ് വർക്കേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ജയപ്രസാദ്, പ്രൈവറ്റ് കോളജ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി ഉണ്ണികൃഷ്ണൻ, എൻ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ആർ ജിഗി, എസ് ശ്യാംലാൽ, പി വെങ്കപ്പ ഷെട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ പ്രഭാകരൻ നായർ, എം ശങ്കർ , ടി ജെ ഹരികുമാർ, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ പി ടി പ്രദീപ് കുമാർ, പി പ്രേംചന്ദ്രൻ, കെ കെ ഗിരീഷ് കുമാർ, ജി എസ് ബൈജു, എ വി ഹരീഷ്, കെ വി ബിന്ദു, എ അരുൺകുമാർ, കെ കെ ഷാജി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പങ്കാളിത്ത പെൻഷൻ പദ്ധതി പിലവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി ‘മെഡിസെപ്’ പരിഷ്കരിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, അദ്ധ്യാപക ഒഴിവുകൾ ഉടൻ നികത്തുക, ക്ഷമബത്താ കുടിശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണ പരിപാടിക്ക് മതിയായ തുക അനുവദിക്കുക, ഗവ. _ എയ്ഡഡ് മേഖലയിൽ പ്രീ – പ്രൈമറി തസ്തികകൾ സൃഷ്ടിക്കുക, അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയ മുഴുവൻ ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകരേയും സീനിയർ ആക്കുക, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലെ നിയമന നിരോധനം അവസാനിപ്പിക്കുക, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകൾ നിലനിർത്താൻ നൽകിവന്ന ഇളവുകൾ പിൻവലിച്ച നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ.

Advertisement