എസ് എസ് എൽ സി മൂല്യനിർണ്ണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് 16 ദിവസത്തെ ദിനബത്ത അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്

DA വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് മൂല്യനിർണയം ബഹിഷ്കരിച്ച് താനൂർ DGHSSൽ പ്രകടനം നടത്തുന്ന അധ്യാപകർ.

തിരുവനന്തപുരം. എസ് എസ് എൽ സി മൂല്യനിർണ്ണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് 16 ദിവസത്തെ ദിനബത്ത അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏപ്രിൽ മൂന്ന് മുതൽ 12 വരെയും 16 മുതൽ 20 വരെയും രണ്ട് സ്പെല്ലുകളായി മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാനായിരുന്നു നിർദേശം.

ആദ്യ സ്പെല്ലിൽ ഏഴാം തീയതിയിലെ ഞായറാഴ്ചയും പത്താം തീയതിയിലെ ഈദുൽ ഫിത്തറും ഇൻ്റർവീനിംഗ് അവധി ദിനങ്ങളായി വരുന്നുണ്ട്. സാധാരണ ഇത്തരം അവധി ദിവസങ്ങളിൽ, ബ്രേക്ക് നൽകി യാത്രപ്പടി നൽകുന്നത് ഒഴിവാക്കാനായി ദിനബത്ത അനുവദിക്കുകയാണ് പതിവ്. അങ്ങനെയെങ്കിൽ, മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് 16 ദിവസത്തെ ദിന ബത്തയ്ക്ക് അർഹതയുണ്ടെന്നിരിക്കെ, ഈ രീതിക്ക് മാറ്റം വരുത്തി, അർഹതപ്പെട്ട 16ന് പകരം 14 ദിവസത്തെ ദിനബത്ത അനുവദിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

മൂല്യനിർണ്ണയജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് അർഹതപ്പെട്ട 2 ദിവസത്തെ ദിനബത്ത വെട്ടിക്കുറയ്ക്കാനുള്ള നിർദേശം അടിയന്തിരമായി പുന:പരിശോധിക്കണം. പതിറ്റാണ്ടുകളായി അധ്യാപക സമൂഹം അനുഭവിച്ചുവരുന്ന നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്ത സർക്കാർ ഒടുവിൽ മൂല്യനിർണ്ണയത്തിലും കൈ വെച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നിര്‍ദേശം ഉടന്‍ പിൻവലിച്ച് 16 ദിവസത്തെ ദിനബത്ത അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.



Advertisement