ജനവികാരം മാനിച്ച് ഗവർണർക്കെതിരെയുള്ള അക്രമങ്ങളിൽ നിന്ന് എസ് എഫ് ഐ പിന്തിരിയണം

ശാസ്താംകോട്ട’ സംസ്ഥാനത്ത് ജനപക്ഷത്ത് നിൽക്കുന്ന ഗവർണറോട് സാധാരണക്കാർ പ്രകടിപ്പിക്കുന്ന സ്നേഹം തിരിച്ചറിഞ്ഞ് അദ്ദേഹത്തിനെതിരെയുള്ള അക്രമ സമരങ്ങളിൽ നിന്ന് എസ് എഫ് ഐ പിന്തിരിയണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. എൻ ടി യു ശാസ്താംകോട്ട ഉപജില്ലാ സമ്മേളനം, പ്രൊഫസർ ഗംഗപ്രസാദ് സ്മാരക ലൈബ്രറി ഹാളിൽ തയാറാക്കിയ അയോധ്യാ നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈസ് ചാൻസലർ മുതൽ അസിസ്റ്റൻറ് പ്രൊഫസർ വരെ ബന്ധുക്കളെയോ വേണ്ടപ്പെട്ടവരെയോ നിയമിച്ചതിലൂടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടത് സർക്കാർ അരാജകത്വത്തിലാക്കിയിരിക്കുകയാണ്. ഇതിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറോടുള്ള സാധാരണക്കാരുടെ സ്നേഹമാണ് കോഴിക്കോട് മിഠായിതെരുവിലും മറ്റും കണ്ടത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമേ രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ലഭിക്കേണ്ട ഗവർണർ നിരന്തരം ആക്രമിക്കപ്പെടുകയാണ്. ഇതിന് മുഖ്യമന്ത്രിയുടെയും പോലീസിൻ്റെയും ഒത്താശയുണ്ടെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അങ്ങേയറ്റം ഗൗരവവുള്ളതാണ്. തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുപ്പിക്കാൻ തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടി വന്നത് ഗവർണറുടെ ആക്ഷേപം ശരിവയ്ക്കുന്നതാണെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.

ഉപജില്ലാ പ്രസിഡണ്ട് ഡോ. സി സുശീൽ കുമാർ അധ്യക്ഷനായിരുന്നു. ബി ജെ പി ജില്ലാ കമ്മിറ്റിയംഗം മുതുപിലാക്കാട് രാജേന്ദ്രൻ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ വി ശ്രീനിവാസൻ, മഹിളാ മോർച്ച നേതാവ് ജയശ്രീ മോഹൻ, എൻ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ആർ ശിവൻപിള്ള, ജില്ലാ സെക്രട്ടറി ആർ ഹരികൃഷ്ണൻ, എൻ പ്രദീപ്, ആര്യാ ശ്രീനാഥ്, രാകേഷ് ബി, സുമേഷ് കുറുപ്പ് .എസ് , രേവതി .ബി .രാജേന്ദ്രൻ, അനൂപ്. ജെ, വിദ്യ വി നായർ, എന്നിവർ സംസാരിച്ചു.
കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി നിയമിതനായ പി എസ് ഗോപകുമാർ, ജെ ആർ സി സംസ്ഥാന കോർഡിനേറ്ററായി നിയമിതനായ ആർ ശിവൻപിള്ള, സർവീസിൽ നിന്ന് വിരമിക്കുന്ന ഗിരിജ ടീച്ചർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഉപജില്ലാ സെക്രട്ടറി ഗിരീഷ് എസ് സ്വാഗതവും ദിവ്യ എസ് നന്ദിയും പറഞ്ഞു.

Advertisement