വത്തിക്കാൻ: വാഴ്‌ത്തപ്പെട്ട ദേവസഹായം പിള‌ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് ഒന്നരയോടെ വത്തിക്കാനിലെ സെന്റ് പീ‌റ്റേഴ്‌സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിൽ നിന്നുള‌ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള‌ള. ഇന്ത്യൻ സഭയുടെ വൈദികനല്ലാത്ത ആദ്യ വിശുദ്ധനാണ് ദേവസഹായം പിള‌ള.

1712 ഏപ്രിൽ 23ന് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം നട്ടാലത്താണ് ദേവസഹായം പിള‌ള ജനിച്ചത്. നീലകണ്‌ഠ പിള‌ള എന്നായിരുന്നു അന്ന് പേര്. തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ്മയുടെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കുളച്ചൽ യുദ്ധത്തിന് ശേഷം തിരുവിതാംകൂർ പടത്തലവനായ ഡിലനായിയുടെ കീഴിൽ ഉദ്യോഗസ്ഥനായി നിയമിച്ചു. ഇവിടെവച്ച്‌ ക്രിസ്‌തുമതത്തിൽ ആകൃഷ്‌ടനായ അദ്ദേഹം 1745 മേയ് 17ന് ഈശോസഭ വൈദികനായ ബുട്ടാരിയിൽ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു.

മതംമാറ്റത്തിന്റെ പേരിൽ കാരാഗ്രഹവാസം അനുഷ്‌ഠിക്കേണ്ടി വന്ന ദേവസഹായം പിള‌ളയെ രാജകൽപനയനുസരിച്ച്‌ 1752 ജനുവരി നാലിന് ആരുവാമൊഴി കാറ്റാടി മലയിൽ വച്ച്‌ വെടിവച്ച്‌ കൊലപ്പെടുത്തി. 2012ൽ ദേവസഹായം പിള‌ള വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർന്നു. ഇന്ന് ദേവസഹായം പിള‌ളയടക്കം പത്തുപേരാണ് വിശുദ്ധ പദവിയിലെത്തിയതായി പ്രഖ്യാപിച്ചത്.