ആശ്രാമം ഇഎസ്‌ഐ ആശുപത്രിയുടെ മുകള്‍ നിലയിലെ വാര്‍ഡില്‍ വൈദ്യുതിയില്ലാതായിട്ട് മൂന്നാം ദിവസം

കൊല്ലം. ആശ്രാമം ഇഎസ്‌ഐ ആശുപത്രിയുടെ മുകള്‍ നിലയിലെ വാര്‍ഡില്‍ വൈദ്യുതിയില്ലാതായിട്ട് മൂന്നാം ദിവസം. രാത്രി വെളിച്ചത്തിന് ഒരു ട്യൂബ് ലൈറ്റ് കത്തിക്കുമെങ്കിലും ശുചിമുറിയിലടക്കം വെളിച്ചമില്ല. രോഗികള്‍ കാറ്റും വെളിച്ചവുമില്ലാതെ വലഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഇന്ന് രാവിലെ രോഗികള്‍ സംഘം ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. രോഗചികില്‌സയിലുള്ള പ ലര്‍ക്കും രോഗം മൂര്‍ഛിക്കുന്ന നിലയുണ്ടെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ വാര്‍ഡിലേക്കുള്ള കണക്ഷന്‍ ശരിയാകാന്‍ ഇനിയും രണ്ടുദിവസം പിടിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. വാര്‍ഡിലും ശുചിമുറിയിലും സ്വന്തനിലയില്‍ വിളക്കു കത്തിക്കുന്നതും മറ്റും തീപിടിത്തം പോലുള്ള അപകടങ്ങളിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. രോഗികള്‍ തട്ടിത്തടഞ്ഞുവീഴുന്നത് പ്രശ്‌നമാണ്.
അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപെടണണെന്നും ആവശ്യമുയര്‍ന്നു.

വൈദ്യുതി തകരാര്‍ എന്താണെന്ന് പരിശോധിച്ചുവരികയാണ് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരു ഫേസ് മാത്രമാണുള്ളത്. ജനറേറ്ററിന് മുഴുവന്‍ സ്ഥലത്തേക്കും വൈദ്യുതി നല്‍കാനുള്ള ശേഷി ഇല്ല. മുകള്‍നിലയിലെ ഡയാലിസിസ് യൂണിറ്റ്, ഐസിയു എന്നിവയിലേക്ക് വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഇതുപയോഗിക്കും. ദിനംപ്രതി പ്രതിസന്ധി രൂക്ഷമാവുകയാണ്.

പാവപ്പെട്ട തൊഴിലാളികളുടെ ചികില്‍സമെച്ചപ്പെട്ട നിലയില്‍ നടത്തുന്നതിനാണ് ആശുപത്രി ലക്ഷ്യമിടുന്നത്. ഒരു സമയത്ത് ജില്ലയിലെ സ്വകാര്യമേഖലയേക്കാള്‍ മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയ ആശുപത്രി ദേശീയ ശ്രദ്ധ നേടിയിരുന്നു.

Advertisement