ഹോളി ആഘോഷങ്ങൾക്ക് കളറേകാൻ ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്‌ട്രിക് വീണ്ടും സെയിൽസ് വിൻഡോ തുറക്കുന്നു. രണ്ട് ദിവസത്തേക്കാണ് ഒല വീണ്ടും വിൽപ്പന ആരംഭിക്കുന്നത്.

മാർച്ച്‌ 17, 18 ദിവസങ്ങളിലാണ് ഒല ഇലക്‌ട്രിക്കിന്റെ വിൽപ്പന നടക്കുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. റെഗുലർ മോഡലുകൾക്ക് പുറമെ, ഹോളിയുടെ ഭാഗമായി ഒരു പ്രത്യേക പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്നും ഒല അറിയിച്ചിട്ടുണ്ട്.

ഗെറുവ എന്ന നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്ക് എത്തുക. മാർച്ച്‌ 17,18 ദിവസങ്ങളിൽ മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വിൽപനയ്ക്ക്‌ എത്തുകയെന്നാണ് വിവരം. നേരത്തെ ഒല ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മാർച്ച്‌ 17-ാം തീയതി വാങ്ങലിനുള്ള പ്രത്യേകം ആക്‌സസ് ലഭിക്കും.

മറ്റ് ഉപയോക്താക്കൾക്ക് എല്ലാം മാർച്ച്‌ 18-ാം തീയതിയായിരിക്കും വാങ്ങലിനുള്ള അവസരം ലഭിക്കുകയെന്നാണ് ഒല ഇലക്‌ട്രിക് അറിയിച്ചിരിക്കുന്നത്.

ഒലയുടെ എസ്1 പ്രോ മുമ്പ് 10 നിറങ്ങളിലാണ് എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പ്രത്യേക പതിപ്പായി പുതിയ നിറവും എത്തിയിട്ടുള്ളത്. പണം അടയ്ക്കൽ ഉൾപ്പെടെയുള്ള വാങ്ങൽ പ്രക്രിയ മുമ്പുണ്ടായിരുന്നത് പോലെ ഒലയുടെ ആപ്ലിക്കേഷനിലൂടെയായിരിക്കും.

ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓർഡറുകൾ അനുസരിച്ചുള്ള ഡെലിവറി ഫ്യൂച്ചർ ഫാക്ടറിയിൽ നിന്ന് 2022 ഏപ്രിൽ മുതൽ ആരംഭിക്കും. വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ച്‌ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എസ് വൺ, എസ് വൺ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വൺ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയർന്ന വകഭേദമായ എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

ഇന്ത്യൻ നിരത്തുകളിൽ ഏഥർ 450, ബജാജ് ചേതക് ഇലക്‌ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്‌ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ മത്സരിക്കുന്നത്.

8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാൽ, എസ്1-ൽ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയിൽ 3.97 kWh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്.

എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ്-1, 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകത്.

സാധാരണ ഹോം ചാർജർ ഉപയോഗിച്ച്‌ എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്.

ഒക്ടാ-കോർ പ്രോസസർ, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാർട്ട് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഈ സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്. റിവേഴ്‌സ് പാർക്ക് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.