മിസിസിപ്പി: നിമിഷങ്ങൾക്കുള്ളിൽ റഡാറിൽ നിന്ന് കാണാതായി. പതിനായിരം അടി ഉയരത്തിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൂപ്പുകുത്തി. ചെറുവിമാനം തകർന്ന് ആറു പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം.
ചൊവ്വാഴ്ചയാണ് സെസ്ന 210 വിമാനം പാസ്ഗാഗുലയ്ക്കും ഹോൺ ദ്വീപിനും ഇടയിലായി തകർന്ന് വീണത്. നാല് മുതിർന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം കോസ്റ്റ് ഗാർഡിനെ അറിയിച്ച് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്. തെരച്ചിൽ സംഘത്തിന് ഗൾഫ് ഓഫ് മെക്സിക്കോയിൽ മുങ്ങിയ വിമാനത്തിന്റെ ക്യാബിനിൽ നിന്ന് ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റും മാത്രമാണ് കണ്ടെത്താനായത്.
ന്യൂ ഓർലീൻസിൽ നിന്ന് ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനമാണ് കടലിൽ തകർന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ സ്വകാര്യ വിമാനം തെക്കൻ ഫ്ലോറിഡയ്ക്ക് സമീപം തകർന്ന് ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു.



























