ന്യൂഡൽഹി: 2027ലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ) സെഷൻ ഒന്നിന് ലേറ്റ് ഫീസോടെ അപേക്ഷിക്കാനുള്ള സമയപരിധി നാളെ (നവംബർ 26) അവസാനിക്കും. രാത്രി 11.50 വരെയാണ് അപേക്ഷാ പോർട്ടൽ തുറന്നിരിക്കുക. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ കണക്കുപ്രകാരം ഇതുവരെ 15,73,018 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 13,96,007 പേർ ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.
സാധാരണ രജിസ്ട്രേഷൻ നവംബർ 22ന് അവസാനിച്ചിരുന്നു. നിലവിൽ അപേക്ഷിക്കുന്നവർ പരീക്ഷാ ഫീസിനൊപ്പം 500 രൂപ ലേറ്റ് ഫീസും അടയ്ക്കണം. താത്പര്യമുള്ളവർ jeemain.nta.nic.in എന്ന വെബ്സൈറ്റിലെ സെഷൻ ഒന്നിന്റെ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷയും ഫീസ് അടയ്ക്കലും പൂർത്തിയാക്കിയശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
പരീക്ഷ ജനുവരി 20 മുതൽ
2027 ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് സെഷൻ ഒന്ന് പരീക്ഷ. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള കറക്ഷൻ വിൻഡോ നവംബർ 27 മുതൽ 29 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.


























