29.4 C
Kollam
Monday 12th October, 2026 | 06:13:57 PM
Home News International കടുവക്കൂട്ടിൽ ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം

കടുവക്കൂട്ടിൽ ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ലണ്ടൻ: യുകെയിലെ യോർക്ക്‌ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ സുരക്ഷാ വേലികൾ മറികടന്ന് കടുവക്കൂട്ടിൽ കടന്ന യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.35-ഓടെയായിരുന്നു സംഭവം.

ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇയർപോഡ്സ് ധരിച്ച് സംഗീതം കേട്ട് നൃത്തം ചെയ്തുകൊണ്ടാണ് യുവാവ് കടുവയുടെ സങ്കേതത്തിലേക്ക് കടന്നത്. തുടർന്ന് കടുവയ്ക്ക് നേരെ വിരൽ ചൂണ്ടുകയും അതിന് മുന്നിൽ ശാന്തനായി ഇരിക്കുകയും ചെയ്തു. പിന്നാലെ ‘അൽത്തായ്’ എന്ന അമുർ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സൗത്ത് യോർക്ക്‌ഷെയർ പൊലീസും എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര രക്ഷാസേനകളും സ്ഥലത്തെത്തി. എന്നാൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചു. കടുവയെ കൊന്നുകളയണമെന്ന ആവശ്യം ചിലർ ഉന്നയിച്ചെങ്കിലും അത്തരമൊരു നടപടിയുണ്ടാകില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. കടുവ സുരക്ഷിതമാണെന്നും സംഭവത്തിന്റെ പേരിൽ അതിനെ ദയാവധം ചെയ്യില്ലെന്നും യോർക്ക്‌ഷെയർ വൈൽഡ്‌ലൈഫ് പാർക്ക് അറിയിച്ചു.

യുവാവ് എന്തിനാണ് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് കടുവക്കൂട്ടിൽ പ്രവേശിച്ചതെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here