26.7 C
Kollam
Wednesday 8th July, 2026 | 07:16:19 PM
Home News Breaking News താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ

താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ

വാഷിംഗ്ടൺ: ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന് പാകിസ്ഥാൻ നിർദ്ദേശത്തിന് അംഗീകാരവുമായി ട്രംപ്. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തലിന് താൻ സമ്മതിച്ചതായി ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് വിശദമാക്കി. ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ഒരു ദീർഘകാല സമാധാന കരാർ ചർച്ചകളിൽ നല്ല പുരോഗതിയെന്നും ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായി ട്രംപ്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് ട്രംപ്.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനം എന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹം തന്നെ നിശ്ചയിച്ചിരുന്ന സമയപരിധിയായ രാത്രി 8 മണിക്ക് വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഈ വിവരം പുറത്തുവന്നത്. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.