Home News Breaking News ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി

ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി

Advertisement

പ്രവചനാതീതമാണ് ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി. നാലര പതിറ്റാണ്ട് മുമ്പുള്ള അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇറാന്‍ പോകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പരമോന്നത പദവിയില്‍ ഖമനെയിയുടെ പിന്‍ഗാമി മുതല്‍ ആണവ പദ്ധതിയുടെ ഭാവി ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഇറാന് മുന്നിലുണ്ട്.

ഇക്കൊല്ലം ആദ്യം തന്നെ ദേശ വ്യാപകമായി പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ അയത്തൊള്ള അലി ഖമേനി അധികാരത്തില്‍ നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാലിപ്പോഴിതാ അമേരിക്കയുടെയോ ഇസ്രയേലിന്‍റെയോ സൈനിക നടപടിയിലൂടെ ആ ഭരണത്തിന് അവസാനമായിരിക്കുന്നു.

ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഷിയാ പരമോന്നത നേതാവിന്‍റെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചു. അമേരിക്കന്‍-ഇസ്രയേല്‍ സേനയുടെ പുത്തന്‍ ആക്രമണത്തില്‍ ഖമൈനി കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ് തന്‍റെ എക്‌സില്‍ കുറിച്ചു. മതവാഴ്‌ച അവസാനിപ്പിക്കാനും ഇറാനോട് ട്രംപ് നിര്‍ദ്ദേശിച്ചു.

ഇറാന്‍റെ ആണവ പരിപാടി ചൂണ്ടിക്കാട്ടി തന്‍റെ രാജ്യത്തിന്‍റെ മേല്‍ രാജ്യാന്തര സമൂഹവും പ്രത്യേകിച്ച് അമരിക്കയും നടത്തിയ ശ്രമങ്ങളെ ചെറുക്കാന്‍ തന്‍റെ അന്ത്യശ്വാസം വരെ ഖമൈനി പൊരുതി. അമേരിക്ക അവരുടെ നിലപാടില്‍ ഉറച്ച് നിന്നാല്‍ പ്രദേശത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തന്നെ അമേരിക്കയുമായി തങ്ങളുടെ ആണവ പദ്ധതികളില്‍ അദ്ദേഹം ചര്‍ച്ചകള്‍ക്കും ഇറാനെ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഖമെനിയുടെ കൊട്ടാരക്കെട്ടും പരിസരവും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ലക്ഷ്യം ആകും മുമ്പ് തന്നെ ഖമൈനി അതീവ സമ്മര്‍ദ്ദത്തിലായിരുന്നു.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പതിനായിരങ്ങളെയാണ് ഖമൈനി ഭരണകൂടം കൊന്ന് തള്ളിയത്. അതേസമയം ഖമൈനിയുടെ മരണം ജനകീയ വികാരം ഉണര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഉപരോധങ്ങളും സാമ്പത്തിക കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ഇറാനെ സാമ്പത്തികമായി ആകെ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന പന്ത്രണ്ട് ദിവസത്തെ യുദ്ധം ഇറാന്‍റെ ആണവ പദ്ധതികളെ ആകെത്തകര്‍ത്തിരുന്നു. ഒപ്പം മിസൈല്‍ സംവിധാനങ്ങളെയും സൈനിക ശേഷിയെയും. ഗാസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന് ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്‌ബുള്ളയും യെമനിലെ ഹൂതികളും തമ്മിലുള്ള ഇറാന്‍റെ പ്രാദേശിക ബന്ധത്തെ ദുര്‍ബലമാക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ടെഹ്‌റാന്‍റെ സ്വാധീനവും കുറഞ്ഞ് തുടങ്ങിയിരുന്നു.

ഇസ്ലാമിക റിപ്പബ്ലികിനെ മാറ്റി മറിച്ച നേതാവ്. 1989ല്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം അധികാരത്തെക്കുറിച്ച് ഏറെ സംശയം അദ്ദേഹത്തിലുണ്ടായിരുന്നു. സാധാരണ മതനേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന്‍റെ മുന്‍ഗാമി ആയിരുന്ന ഇസ്ലാമിക് റവല്യൂഷന്‍ നേതാവ് അയത്തൊള്ള റുഹൊള്ള ഖമൈനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖമൈനിക്ക് മതപാണ്ഡിത്യം ഏതുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെക്കാള്‍ മൂന്നിരട്ടിക്കാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിനായി. ഇറാനെ അതിനാടകീയമായി പരുവപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

മുല്ലമാരുടെയും ഷിയമുസ്ലീം പുരോഹിതരുടെയും വാഴ്‌ചയുമായെത്തി നിലവിലുണ്ടായിരുന്ന ഭരണ സംവിധാനത്തെ അദ്ദേഹം അട്ടിമറിച്ചു. ഇസ്ലാമിക് റിപ്പബ്ലികിന്‍റെ കീഴില്‍ പരമോന്നത നേതാവ് തന്നെയാണ് ജനകീയ ഭരണകൂടത്തിനും സൈന്യത്തിനും ഏറ്റവും മുകളില്‍. സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. ആണവ നയത്തിന്‍റെ അന്തിമവാക്ക്, ജുഡീഷ്യറി, രഹസ്യാന്വേഷണം, ഔദ്യോഗിക മാധ്യമം എല്ലാം ഒരൊറ്റ അധികാരിയുടെ കീഴില്‍. ഐആര്‍ജിസിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ച് വിടാനും അധികാരം. 1979ലെ വിപ്ലവത്തിന് ശേഷം പരമോന്നത നേതാവിന്‍റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമൈനി. 1989 മുതല്‍ ഏകദേശം മുപ്പത്തഞ്ച് വര്‍ഷം ഇറാന്‍റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമൈനിയുടേതായിരുന്നു.

അദ്ദേഹത്തിന്‍റെ കാലയളവിൽ മുഹമ്മദ് ഖതാമി, മഹ്മൂദ് അഹമ്മദി നെജാദ്, ഹസൻ റൂഹാനി തുടങ്ങിയവർ പ്രസിഡന്‍റുമാരായിരുന്നെങ്കിലും അന്തിമ തീരുമാനം ഖമൈനിയുടേതായിരുന്നു. 2009-ലെ വിവാദ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ‘ഗ്രീൻ മൂവ്‌മെന്‍റ്’ പ്രതിഷേധങ്ങളെ അദ്ദേഹം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തി. ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഖമൈനിയുടെ കാലത്ത് ഇറാൻ സ്വാധീനം വർദ്ധിപ്പിച്ചു. ഇസ്രയേലിനോടുള്ള കടുത്ത ശത്രുത അദ്ദേഹം എപ്പോഴും പ്രകടമാക്കിയിരുന്നു.

2015-ൽ ഹസൻ റൂഹാനിയുടെ കാലത്ത് ഒപ്പിട്ട ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതിനെ നേരിടാൻ “പ്രതിരോധ സമ്പദ്‌വ്യവസ്ഥ” എന്ന രീതി ഖമനെയി മുന്നോട്ടുവെച്ചു. അവസാന വർഷങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും നേരിട്ടു. ഇറാന്‍റെ പരമാധികാരത്തിന്‍റെ കാവലാളായി അനുയായികൾ അദ്ദേഹത്തെ കാണുമ്പോൾ, ജനാധിപത്യം ഇല്ലാതാക്കിയ നേതാവായാണ് വിമർശകർ ഖമനെയിയെ വിലയിരുത്തുന്നത്.

Advertisement