ചൈനയിൽ ഒരു ദിവസം 10 ലക്ഷം കേസുകൾ, 5000 മരണം

ബെയ്ജിങ്മാ: ഭീതി വിതച്ച് വീണ്ടും കോവിഡിന്റെ വിളയാട്ടം. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയിൽ തന്നെയാണ് ഈ വരവിലും കോവിഡ് തകർത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവും ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇപ്പോഴത്തെ നില തുടർന്നാൽ പുതുവർഷത്തോടെ 37 ലക്ഷം കേസുകളാണു ചൈന പ്രതീക്ഷിക്കുന്നത്. മാർച്ച് മാസമാകുന്നതോടെ അത് 42 ലക്ഷം വരെ ഉയർന്നേക്കാമെന്നാണ് ആശങ്ക. കഴിഞ്ഞ ബുധനാഴ്ച 2966 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയ്ക്കു പുറമെ മറ്റു ലോകരാജ്യങ്ങളിലേക്കും കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കനത്ത ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പുലർത്താനും യോഗത്തിൽ ധാരണയായി. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുത്തില്ല. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദം ഇന്ത്യയിൽ ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചിരുന്നു. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു.

Advertisement