ചാൾസ് ശോഭരാജിനെ ഇന്ന് മോചിപ്പിച്ചേക്കും

രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജിന്റെ ജയിൽമോചനം ഒരു ദിവസം കൂടി വൈകും. ശോഭരാജിനെ വിട്ടയയ്ക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും വിദേശ പൗരനായതിനാൽ താമസിക്കാനുള്ള സൗകര്യമൊരുക്കാൻ ഇമിഗ്രേഷൻ അധികൃതർ കൂടുതൽ സമയം ചോദിച്ചതിനാലാണിത്. ഇന്ന് താമസസ്ഥലം കണ്ടെത്താമെന്ന് അധികൃതർ കോടതിയെ അറിയിച്ചു. 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.

അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75 ശതമാനം പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ. ജയിലിൽ നിന്നിറങ്ങിയാലും പാസ്പോർട്ട് തിരിമറി നടത്തിയ കേസിൽ ശോഭരാജ് വേറെ ശിക്ഷയനുഭവിക്കേണ്ടിവരുമോയെന്ന ചർച്ചയും സജീവമായിരുന്നെങ്കിലും രാജ്യം വിട്ടുപോകുന്നതിന് ജില്ലാ കോടതി തടസ്സം പറഞ്ഞില്ല.

സുപ്രീം കോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ് ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Advertisement