ചാൾസ് രാജാവിന്റെ കിരീടധാരണത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിന്റെ ഔദ്യോഗിക ലോഗോ ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കി. സ്ട്രീറ്റ് പാർട്ടികളിലും സോഷ്യൽ മീഡിയകളിലും സുവനീറുകളിലും പ്രദർശിപ്പിക്കുന്നതിനായാണു ലോഗോ തയാറാക്കിയിട്ടുള്ളത്. ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഗാഡ്‌ജെറ്റുകളുടെ നൂതനമായ ഡിസൈനുകൾക്ക് പേരുകേട്ട സർ ജോണി ഐവ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

മേയ്‌ 6 നാണ് ചാൾസിന്റെ കിരീടധാരണം. കിരീടധാരണ ദിവസം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഒരു വണ്ടി ഘോഷയാത്രയും പരമ്പരാഗത പ്രകടനങ്ങളും ഉണ്ടാകും. മേയ് 7 ഞായറാഴ്ച വിൻഡ്‌സർ കാസിലിൽ ഒരു സംഗീത കച്ചേരിയും ലൈറ്റ് ഷോയും ഉണ്ടായിരിക്കും. മേയ് 8 തിങ്കളാഴ്ച അധിക ബാങ്ക് അവധിയും ഉണ്ടായിരിക്കും.

ഇതിനിടയിൽ ഹാരി രാജകുമാരനെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുമോ എന്ന ചോദ്യത്തിനു മറുപടി പറയാതെ ചാൾസ് രാജാവ് ഒഴിഞ്ഞു മാറി. കിഴക്കൻ ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ചാൾസ്. അപ്പോഴാണ് വിദ്യാർഥികളിലൊരാൾ ‘താങ്കൾ ഹാരിയെ മടക്കിക്കൊണ്ടുവരുമോ’ എന്നു ചോദിച്ചത്. ‘ആരെ’ എന്നായിരുന്നു ആദ്യം ചാൾസിന്റെ മറുചോദ്യം. പിന്നീട് ചോദ്യം മനസിലായപ്പോൾ ചിരിക്കുകയാണ് ചാൾസ് ചെയ്തത്.

അടുത്തിടെയാണു ചാൾസും ഹാരിയും തമ്മിലുള്ള ബന്ധം വഷളായത്. ഹാരിയുടെ സ്പെയർ എന്ന പുസ്തകം പുറത്തിറങ്ങിയതോടെ ബന്ധം കൂടുതൽ വഷളായി. ഹാരിയുടെ വിവാഹ ശേഷമാണ് ഹാരി രാജകുടുംബത്തിൽ നിന്നകന്നത്. 2018 ലായിരുന്നു മേഗൻ മാർക്കിളും ഹാരിയും തമ്മിലുള്ള വിവാഹം. ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ ഹാരിയും കുടുംബവും പ​ങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Advertisement