ചാൾസ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂർ രത്‌നം അണിയില്ലെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിലെ രാജാവായുള്ള ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ ചടങ്ങിൽ രണ്ടാം ഭാര്യ കാമില കോഹിനൂർ രത്‌നം പതിപ്പിച്ച കിരീടം അണിയില്ലെന്ന് റിപ്പോർട്ട്.

കോഹിനൂർ രത്‌നവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം ഇപ്പോഴും പ്രതിക്കൂട്ടിൽ തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണവും അടിമത്തവും കൊള്ളയടിക്കലും വീണ്ടും ചർച്ചയായിരുന്നു. തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ വസ്തുക്കൾ തിരികെ നൽകണമെന്ന് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈ കിരീടം ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയ്‌ക്ക് ലഭിച്ചിരുന്നു. 14 -ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ വജ്രം നൂറ്റാണ്ടുകളായി കൈമാറിക്കൊണ്ടിരിക്കുകയാണ്. 1937 -ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി, എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. 2800 ഡയമണ്ടുകൾക്കൊപ്പം 105 കാരറ്റ് കോഹിനൂർ രത്‌നവും അടങ്ങുന്നതാണ് ഈ കിരീടം.

1947ലും 1953ലും കോഹിനൂർ തിരികെ നൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിച്ചിരുന്നു. 2016ൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോഹിനൂർ രത്‌നം ബ്രിട്ടീഷുകാർ കൊള്ള ചെയ്തതാണ് എന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.ഇത് തിരികെ കൊണ്ടു വരാനുള്ള നയതന്ത്ര പരിശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്.

Advertisement