240 തിമിംഗലങ്ങൾ കൂടി തീരത്തടിഞ്ഞ് ചത്തു, അവശത മൂലം ചിലതിന് ദയാവധവും

പിറ്റ് ഐലൻറ്: ന്യൂസിലാൻറിൻറെ പിറ്റ് ദ്വീപിൻറെ തീരത്ത് 240 തിമിംഗലങ്ങളുടെ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും കരയ്ക്കടിഞ്ഞ ശേഷം സ്വാഭാവികമായി ചാവുകയായിരുന്നു.

ചെറിയ ജീവൻ ഉണ്ടായിരുന്ന തിമിംഗലങ്ങളെ അധികൃതർ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. 100-ൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപിൽ പലതരത്തിലുള്ള സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലും, അവശനിലയിലായ തിമിംഗലങ്ങളെ വീണ്ടും കടലിലേക്ക് വിട്ടാൽ സ്രാവുകൾ തിന്നുമെന്ന ഭീഷണിയും ഉള്ളതിനാലാണ് ദയാവധം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.

“ഈ തീരുമാനം എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്നതായിരുന്നില്ല, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും സ്രാവ് ആക്രമണ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് തിമിംഗലങ്ങളെ വീണ്ടും കടലിൽ വിടുന്നത് ശരിയായ തീരുമാനം അല്ല’ – മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് ഇതിനെക്കുറിച്ച് റോയിട്ടേഴ്സിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിൻറെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാതം ദ്വീപുകളുടെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങൾ അടിഞ്ഞത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്നിധ്യമുള്ള പിറ്റ് ദ്വീപും ചാത്തം ദ്വീപും ഉൾപ്പെടുന്നതാണ് ഈ ദ്വീപസമൂഹം. അതേ സമയം തിമിംഗലങ്ങൾ തീരത്ത് അടിയുന്ന സംഭവത്തിൻറെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ മറൈൻ ബയോളജിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല.

മറൈൻ ബയോളജിസ്റ്റുകൾ ഇതുവരെ ഡീകോഡ് ചെയ്തിട്ടില്ലാത്ത മറൈൻ സയൻസിലെ ഏറ്റവും നിഗൂഢമായ സംഭവങ്ങളിലൊന്നാണ് തിമിംഗലങ്ങൾ തീരത്ത് അടിയുന്നത്. കോളനികളായി വസിക്കുന്നതാണ് തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ജീവിത രീതി, അവ കൂട്ടമായി സഞ്ചരിക്കുന്നു, പലപ്പോഴും ഒരെണ്ണമാകും കാര്യങ്ങൾ നിയന്ത്രിക്കുക, ബാക്കിയുള്ളവയെല്ലാം ഈ തിമിംഗലത്തെ പിന്തുടരുകയാകും ചെയ്യുക. അങ്ങനെയുള്ളപ്പോൾ നിയന്ത്രണം നിർവ്വഹിക്കുന്ന തിമിംഗലത്തിന് പരിക്കോ മറ്റോ പറ്റി അത് തീരത്ത് അടിയുമ്പോൾ മറ്റുള്ളവയും ഒന്നിച്ച് തീരത്ത് അടിയുന്നതാകാം എന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു അനുമാനം.

ഇപ്പോൾ തീരത്ത് അടിഞ്ഞിരിക്കുന്നത് പൈലറ്റ് തിമിംഗലങ്ങളാണ്. ഇവ ഇരയെ കണ്ടെത്താനും, സഞ്ചാരത്തിനും സോണാർ ഉപയോഗിക്കും. അതിനാൽ വൈദ്യുതകാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ ഇവയെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാം. അങ്ങനെയും ഇവ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

ദ്വീപിനടുത്തെ കടൽത്തീരങ്ങളുടെ വേലിയേറ്റത്തിൻറെ തോതും ചിലപ്പോൾ കാരണമായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ തിമിംഗലങ്ങളോ ഡോൾഫിനുകളോ വെള്ളത്തിൽ നിന്നും തീരത്തേക്ക് തള്ളപ്പെടുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു എന്നാണ് കരുതുന്നത്. എന്നാൽ ഈ മൂന്ന് കാരണങ്ങളിൽ ഏതാണ് യഥാർത്ഥ കാരണം എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അതേ സമയം ഇത്തരത്തിൽ തീരത്ത് അടിഞ്ഞ തിമിംഗലങ്ങളുടെ ഭക്ഷണ രീതി പരിശോധിച്ചതിൽ തീരത്തിനോട് അടുത്തു കാണുന്ന കണവകളാണ് ഇവ കൂടുതലായി കഴിച്ചത് എന്നും അതിനെ തിന്നാൻ തീരത്തോട് അടുക്കുമ്പോൾ ഇവ തീരത്ത് അടിയുന്നതാകാം എന്നുമാണ് 2019 ലെ ഒരു പഠനം പറയുന്നത്.

ഒക്ടോബറിലെ ഇതുവരെ 400-ലധികം പൈലറ്റ് തിമിംഗലങ്ങൾ തീരത്ത് അടിഞ്ഞ് കൊല്ലപ്പെട്ടപ്പോൾ, സമാനമായ ഒരു സംഭവം ആഴ്ചകൾക്ക് മുമ്പ് സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്ത് നടന്നിരുന്നു. അന്ന് 230 തിമിംഗലങ്ങൾ ഇത്തരത്തിൽ ചത്തിരുന്നു. നേരത്തെ, മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിൽ ടാസ്മാനിയ സംസ്ഥാനത്തിൻറെ ഭാഗമായ കിംഗ് ഐലൻഡിൽ 14 പൈലറ്റ് തിമിംഗലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു.

Advertisement