ഭിന്നശേഷിക്കാരിയായ നഴ്സറി വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; രണ്ട് പ്രവാസി അധ്യാപികമാർക്ക് ശിക്ഷ

മനാമ: ബഹ്റൈനിൽ ഭിന്നശേഷിക്കാരിയായ നഴ്‍സറി വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ പ്രവാസി അധ്യാപികയ്ക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ. ഇവർക്കൊപ്പം അതേസ്ഥാപനത്തിൽ ജോലി ചെയ്‍തിരുന്ന മറ്റൊരു ജീവനക്കാരി പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വീഡിയോ പകർത്തി പ്രചരിപ്പിച്ച ജീവനക്കാരിക്ക് 12 മാസം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇരുവരും ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നില്ല.

ബഹ്റൈനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം ലോവർ കറക്ഷണൽ ജസ്റ്റിസ് കോടതിയാണ് വിധി പറഞ്ഞത്. ആവശ്യമായ പെർമിറ്റുകളില്ലാതെ ജോലി ചെയ്‍തതിന് ഇരുവർക്കും 100 ബഹ്റൈനി ദിനാർ വീതം പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ശിക്ഷാ കാലാവധി പൂർത്തിയാവുമ്പോൾ ഇവരെ നാടുകടത്തുമെന്നും ഫാമിലി ആന്റ് ചൈൽഡ് പ്രോസിക്യൂഷൻ അറിയിച്ചു.

ക്ലാസിൽ അടങ്ങിയിരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്‍സറി ജീവനക്കാരി, ഭിന്നശേഷിക്കാരിയായ കുട്ടിയെ അടിക്കുകയും പിടിച്ചുവലിക്കുകയും ഉപദ്രവിക്കുകയും ചെയ്‍തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷം ഉയർന്നു. തൊട്ടുപിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഴ്സറിയുടെ ഉടമസ്ഥന് രണ്ട് മാസം ജയിൽ ശിക്ഷ നൽകിയതായും ലൈസൻസില്ലാതെ സ്ഥാപനം നടത്തിയതിന് 1000 ബഹ്റൈനി ദിനാർ പിഴ ചുമത്തിയതായും പിന്നീട് പ്രോസിക്യൂഷൻ അറിയിച്ചു. ആവശ്യമായ യോഗ്യതകളില്ലാത്തവരെ ജീവനക്കാരായി നിയോഗിച്ചതിന് 2000 ദിനാറും ഇയാൾക്ക് പിഴ ലഭിച്ചു. എന്നാൽ പീന്നീട് തെളിവുകളുടെ അഭാവത്തിൽ എല്ലാ കുറ്റങ്ങളിൽ നിന്നും ഇയാൾ മുക്തനാക്കപ്പെടുകയായിരുന്നു.

കുട്ടിയെ ഉപദ്രവിച്ച ജീവനക്കാരിക്ക് മൂന്ന് വർഷം ജയിൽ ശിക്ഷയാണ് ലോവർ കറക്ഷണൽ ജസ്റ്റിസ് കോടതി വിധിച്ചതെന്ന് കഴിഞ്ഞ ദിവസം ചൈൽഡ് പ്രോസിക്യൂഷൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംഭവം വീഡിയോയിൽ പകർത്തിയ ജീവനക്കാരിക്ക്, 12 മാസം ജയിൽ ശിക്ഷയും വിധിച്ചു. ആവശ്യമായ പെർമിറ്റുകളില്ലാതെ ജോലി ചെയ്തതിന് ഇരുവർക്കും 100 ദിനാർ വീതം പിഴ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തും.

Advertisement