ചാൾസ് രാജാവിന്റെ വിരുന്നിലേക്ക് മകനും മരുമകൾക്കും ക്ഷണമില്ല

ലണ്ടൻ; ഹാരി രാജകുമാരനോടും മേഗൻ മാർക്കിളിനോടും അകലം തുടർന്ന് ബ്രിട്ടീഷ് രാജകുടുംബം. ബക്കിംഗ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങിനോടനുബന്ധിച്ച്‌ ഇന്ന് ചാൾസ് രാജാവിന്റെ ആതിഥേയത്തിൽ നടക്കുന്ന വിരുന്നിലേക്ക് ഇരുവർക്കും ക്ഷണമില്ല.

ഏറെ നാളുകളായി രാജകുടുംബവും ദമ്പതിമാരും തമ്മിൽ സ്വരചേർച്ചയിൽ അല്ലാത്തതാണ് റിസപ്ഷനിലേക്ക് ക്ഷണിക്കാത്തതിന്റെ കാരണമെന്നാണ് വിവരം.

ചാൾസ് രാജകുമാരന്റെ ഇളയമകനായ ഹാരിയും അമേരിക്കൻ നടിയും കറുത്തവംശജയുമായ മേഗനും 2018 ലാണ് വിവാഹിതരായത്. വധുവായി കൊട്ടാരത്തിലെത്തിയത് മുതൽ രാജകുടുംബത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ച്‌ മേഗൻ വെളിപ്പെടുത്തിയത് കുടുംബത്തിന്റെ മേൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു.

കൊട്ടാരത്തിൽ വെച്ച്‌ വംശീയധിക്ഷേപം നേരിടേണ്ടിവന്നെന്നും ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചുവെന്നും മേഗൻ വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ നിറത്തെ കുറിച്ചടക്കം കൊട്ടാരത്തിൽ ചർച്ചകൾ നടന്നിരുന്നു. പിന്നീട് ദമ്പതികൾ കൊട്ടാരവും പദവികളും ഉപേക്ഷിച്ച്‌ യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിന് ശേഷം രാജകുടുംബം ദമ്പതിമാരുമായി ഏറെ അകലം പാലിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണശേഷം മഞ്ഞുരുകുമെന്ന് കരുതിയെങ്കിലും ഹാരിയോടും മേഗനോടും അവരുടെ തുറന്നുപറച്ചിലുകളുടെ ദേഷ്യം ഇപ്പോഴും തുടരുകയാണ് കുടുംബം.

കഴിഞ്ഞ ദിവസം രാജ്ഞിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ സൈനിക യൂണിഫോം ധരിക്കാൻ കഴിയില്ലെന്ന് ഹാരിയോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.അവസാനം ചാൾസ് രാജാവ് ഇടപെട്ടതിന് ശേഷമാണ് ഹാരിയ്‌ക്ക് തന്റെ മൂത്ത സഹോദരൻ വില്യം രാജകുമാരനോടൊപ്പം യൂണിഫോം ധരിക്കാൻ അനുമതി ലഭിച്ചത്.

Advertisement