കോവിഡ് ബാധ ബുദ്ധിശക്തിയെ ബാധിക്കാമെന്ന് പഠനം

കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തിൽ ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മുമ്പ് കോവിഡ് ബാധിച്ച 18 വയസിന് മുകളിൽ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യൽ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകൾ വിലയിരുത്തി. രോഗം ബാധിച്ചവർക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവിൽ മൂന്ന് പോയിന്റ് കുറയാൻ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ലക്ഷണങ്ങൾ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീർഘകാല കോവിഡ് ബാധിച്ചവർക്ക് ഐക്യുവിൽ ആറ് പോയിന്റ് കുറവുണ്ടായതായും ഗവേഷകർ കണ്ടെത്തി.

കോവിഡ് തീവ്രമായിരുന്നവരിൽ ഐക്യുവിന് ഒമ്പത് പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തിൽ പറയുന്നു. ഒരു തവണ കോവിഡ് വന്നവർക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോൾ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. സാധാരണയായി ശരാശരി ഐക്യു അളവ് 100 ആണ്. 130-ന് മുകളിലുള്ള ഐക്യു ഉയർന്ന പ്രതിഭാധനനായ വ്യക്തിയെ സൂചിപ്പിക്കുന്നു, അതേസമയം 70-ൽ താഴെയുള്ള ഐക്യു പൊതുവെ സാമൂഹിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ബൗദ്ധിക വൈകല്യത്തെ സൂചിപ്പിക്കുന്നു.

രണ്ടോ അതിലധികമോ ഡോസ് വാക്‌സീൻ കോവിഡിനെതിരെ എടുത്തവർക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഒറിജിനൽ വൈറസ് മൂലം അണുബാധയേറ്റവർക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്‌നങ്ങൾ അടുത്ത കാലത്തായി പുതു വകഭേദങ്ങളിൽ നിന്ന് അണുബാധയേൽക്കുന്നവർക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Advertisement