വാർത്താനോട്ടം

2024 മാർച്ച് 22 വെള്ളി

BREAKING NEWS

👉 ഇന്ന് ജലദിനം

👉അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം

👉 ആർ എൽ വി രാമകൃഷ്ണന് പിന്തുണയുമായി കലാലോകം.കുടുംബ ക്ഷേത്രത്തിൽ 28 നു ചിറപ്പ് ഉത്സവത്തിന് ക്ഷണിച്ച് സുരേഷ് ഗോപി

👉ആർ എൽ വി വിക്ഷേപണ പരീക്ഷണം വിജയം.

കേരളീയം🌴

🙏 ഡോ. എംകെ ജയരാജിനെ കാലിക്കറ്റ് വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്.

🙏 കലാമണ്ഡലം സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കമാണെന്നും കേരള കലാമണ്ഡലം. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വിസിയും രജിസ്ട്രാറും വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

🙏 കല ആരുടേയും കുത്തകയല്ലെന്നും ആര്‍എല്‍.വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍.എല്‍.വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

🙏 നിറമല്ല, കലയാണ് പ്രധാനമെന്നും രാമകൃഷ്ണന് പരസ്യപിന്തുണ അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കലയെന്നും നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

🙏 കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. കലയില്‍ ജാതിയോ, നിറമോ, വര്‍ണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്നില്ല. വേര്‍തിരിച്ചു കാണുന്നവര്‍ എത്ര വലിയ സര്‍വജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

🙏സിഡിഎസ് അക്കൗണ്ടന്റുമാരായി പ്രവേശിച്ച് മൂന്ന് വര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍. സിഡിഎസില്‍ അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പിക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം.

🙏 എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം 20 ന് ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

🙏 സംസ്ഥാനത്ത് അഞ്ചു ഇടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജന റാലികള്‍ നടത്തും. ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഇന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ആരംഭിക്കുന്ന പരിപാടി 27ന് കൊല്ലം ജില്ലയില്‍ അവസാനിക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്നാണ് സിഎഎക്കെതിരായ മുദ്രാവാക്യം.

🙏 ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

🙏 കെഎസ്ആര്‍ടിസിയെ താന്‍ രക്ഷപ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്‌കരണം നടത്തുമെന്ന നിലപാട് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു. ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ താന്‍ ഒരു കുരുക്കിലിടുമെന്നും അതിനുള്ള പണികള്‍ നടന്നു വരുന്നുവെന്നും അഴിമതി ഇല്ലാതാക്കുമെന്നും എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂവെന്നും അത് താന്‍ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

🙏 ഗുരുവായൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി അമല നഗര്‍ സ്വദേശി ഷീല മരിച്ചു. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ് ഷീലയുടെ ദേഹത്തു കൂടെ കയറിയിറങ്ങുയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.

🇳🇪 ദേശീയം 🇳🇪

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യ നയ കേസില്‍ ഇഡി ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

🙏അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

🙏 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളി. കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പിന്നാലെ ഡല്‍ഹിയിലെ തെരുവുകള്‍ യുദ്ധസമാനം. ഡല്‍ഹി ക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം വ്യാപിക്കാന്‍ ആണ് പാര്‍ട്ടിയുടെ നീക്കം.

🙏 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി വ്യക്തമാക്കി. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

🙏 ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. നേരത്തെ ഈ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

🙏 തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രല്‍ ബോണ്ടുമായുള്ള എല്ലാ വിവരങ്ങളും കൈമാറി എസ് ബി ഐ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കടപ്പത്രം വഴി സംഭാവന ലഭിച്ചതുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

🙏 പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി, വാട്സാപ്പുകളിലേക്ക് വികസിത് ഭാരത് സന്ദേശം അയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

🙏 ജെഎന്‍യുവില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എന്‍എസ് യു, ആര്‍ജെഡിയുടെ വിദ്യാര്‍ത്ഥി സംഘടന, ബാപ്സ എന്നിവരും മത്സരത്തിനുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.

🙏 കോടതി സ്റ്റേ ചെയ്ത നടപടിയില്‍ പിന്നീട് മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയോട് സുപ്രീം കോടതി. ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

🙏 തമിഴ്നാട്ടില്‍ നിന്ന് തീവ്രവാദപരിശീലനം നേടിയവര്‍ ബെംഗളുരുവില്‍ വന്ന് സ്ഫോടനം നടത്തുന്നുവെന്ന പ്രസ്താവന നടത്തിയ ബെംഗളുരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രസഹമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍.

🙏 മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്. കേരളത്തില്‍ ഇനിയും പ്രഖ്യാപിക്കാനുള്ള നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഈ പട്ടികയിലും ഉണ്ടായിരുന്നില്ല.

🏏 കായികം 🏏

🙏 ലോകകപ്പ് യോഗ്യതാ ഫുട്ബോളിലെ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. മത്സരത്തിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

🙏 2024 ലെ ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പതിനേഴാമത് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.

🙏 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇനി ‘തല’ ഇല്ല. എം എസ് ധോണിക്ക് പകരം യുവതാരം റുതുരാജ് ഗെയ്ക്വാദ് ആണ് ഈ സീസണില്‍ ചെന്നൈയെ നയിക്കുക. ഇന്നലെ ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ അവതരിപ്പിച്ചത്

Advertisement