തലച്ചോറിന്റെ ആരോ​ഗ്യത്തിന് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ഭക്ഷണത്തിന് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രായമാകുമ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ബ്ലൂബെറി- ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാൽ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവൻ വിറ്റാമിൻ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അൽഫിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിൻ സി സഹായകരമാണ്.

ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. വിറ്റാമിൻ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ വിറ്റാമിൻ കെ സഹായിക്കും. വിറ്റാമിൻ കെ ഉയർന്ന അളവിൽ കഴിക്കുന്നത് ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മർദങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

Advertisement