യാത്രക്കാരന് നെഞ്ചുവേദന, ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട് ടിടിഇ

കോട്ടയം: . അരുണിന് ഇത് രണ്ടാം ജന്മമാണ്. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് ടിടിഇ എസ്.വിനോദ്കുമാർ ആണ്. കണ്ണൂർ-തിരുവന്തപുരം ജനശതാബ്ദിയിൽ കഴിഞ്ഞ 10നാണു സംഭവം.

സ്വകാര്യ മെഡിക്കൽ ഉപകരണ കമ്പനിയിൽ ഉദ്യോഗസ്ഥനായ ചങ്ങനാശേരി മാടപ്പള്ളി നെടിയടത്ത് (അരുൺനിവാസ്) അരുൺകുമാർ (42) ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു.

തിരുവനന്തപുരത്താണ് അദ്ദേഹം കുടുംബസമേതം കഴിയുന്നത്. ട്രെയിൻ കോട്ടയം അടുക്കാറായപ്പോൾ അരുണിനു നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ടിടിഇ വിനോദിനോട് ഇക്കാര്യം പറഞ്ഞു.

അദ്ദേഹം ട്രെയിനിലുണ്ടായിരുന്ന ഡോക്ടറുടെ സേവനം തേടി. കോട്ടയം സ്റ്റേഷനിൽ ബന്ധപ്പെട്ട് ആംബുലൻസ് സൗകര്യവും ഡോക്ടറുടെ സേവനവും ആവശ്യപ്പെട്ടു. കോട്ടയം സ്റ്റേഷനിൽ വിനോദ് ഇറങ്ങിയെങ്കിലും സൗകര്യങ്ങൾ ഒരുങ്ങാത്തതിനെ തുടർന്നു ട്രെയിനിൽ വീണ്ടും ചാടിക്കയറി.

പിന്നീട് ചങ്ങനാശേരിയിൽ ബന്ധപ്പെട്ടു. അവിടെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ അരുണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി. ആ സമയത്ത് എത്തിച്ചതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്നാണ് വിനോദിന്റെ പ്രതികരണം. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിനോദ് 22 വർഷമായി റെയിൽവേയിലുണ്ട്.

Advertisement