‘ആതിരയുടെ മരണം: അരുണിന്റെ പശ്ചാത്തലം അറിയാവുന്നതിനാൽ നടപടി എളുപ്പമെന്ന് വിദഗ്ധർ

തിരുവനന്തപുരം: സൈബർ ആക്രമണത്തെ തുടർന്നുള്ള മാനസിക വിഷമത്തിൽ ഒരാൾ ആത്മഹത്യ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാകുമെന്ന് പൊലീസ്. സൈബർ തെളിവുകൾ ശേഖരിക്കുന്നതും കോടതിയെ ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്. കടുത്തുരുത്തിയിൽ സുഹൃത്ത് അരുണിന്റെ സൈബർ ആക്രമണത്തിന് ഇരയായി ആതിരയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണയ്ക്കുള്ള ഐപിസി 306 വകുപ്പ് ഉൾപ്പെടുത്താനാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

സുഹൃത്ത് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്ക്രീൻ ഷോട്ട്, ഐപി വിലാസം അടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ടിവരും. സമൂഹ മാധ്യമത്തിലെ പേജിലാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് എന്നതിനാൽ സമൂഹ മാധ്യമ കമ്പനിയുടെ സഹായം പൊലീസിന് ആവശ്യമായി വരും. പോസ്റ്റിലൂടെയുണ്ടായ മാനഹാനി കാരണം മരണം സംഭവിച്ച കേസാണെങ്കിൽ സാധാരണ നിലയിൽ സമൂഹമാധ്യമ കമ്പനികൾ വേഗം സഹായം ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

സമൂഹ മാധ്യമ കമ്പനിക്ക് അപേക്ഷ കൊടുത്താൽ ലോഗിൻ ഡീറ്റെൽസ് അടക്കമുള്ള വിവരങ്ങൾ നൽകും. അന്വേഷണ ഉദ്യോഗസ്ഥനാണ് അപേക്ഷ നൽകേണ്ടത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. സമൂഹ മാധ്യമത്തിലൂടെയുള്ള ശല്യപ്പെടുത്തൽ മാത്രമാണെങ്കിൽ കേസെടുക്കാൻ പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു വ്യക്തിയുടെ ചിത്രം അനുവാദമില്ലാതെ മറ്റൊരാൾ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെങ്കിലും ഇപ്പോൾ കേസെടുക്കാൻ കഴിയാറായില്ല. സൈബർ മേഖലയിലെ സ്വകാര്യത സംരക്ഷിക്കൽ അടക്കമുള്ള കാര്യങ്ങൾക്കായി കേന്ദ്രം കൊണ്ടുവരുന്ന ബിൽ പാസായാലേ ശക്തമായ നടപടി സാധ്യമാകൂ എന്ന് പൊലീസ് പറയുന്നു.

‘‘കേന്ദ്രത്തിന്റെ കരട് ബില്ലിൽ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില നടപടികൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ ഫോട്ടോ അനുവാദമില്ലാതെ മറ്റൊരാൾ സമൂഹമാധ്യമത്തിൽ ഇട്ടാൽ പരാതി നൽകാം. പരാതി നൽകിയാൽ കമ്പനി അത് ഒഴിവാക്കണം. നിശ്ചിത സമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം എന്നാണ് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്’’– സൈബർ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഐടി നിയമത്തിലെ 66 എ വകുപ്പ് നിലവിലില്ല. അപകീർത്തികരവും വിദ്വേഷകരവുമായ രീതിയിലുള്ള സന്ദേശങ്ങൾ കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് 66 എ പ്രകാരം കുറ്റമായിരുന്നത്. ഈ വകുപ്പ് ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതായി വിമർശനം ഉണ്ടാതോടെ സുപ്രീം കോടതി വകുപ്പ് അസാധുവാക്കി. ഈ വകുപ്പിൽ കേസുകൾ എടുക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ചിത്രങ്ങൾ രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചാൽ ഐപിസി 469 അനുസരിച്ച് കേസെടുക്കാം. ആളുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസെടുക്കുന്നത്. കത്ത് വ്യാജമായി ഉണ്ടാക്കുന്നതുപോലെ കുറ്റകരമാണ് ഇലക്ട്രോണിക് രേഖകൾ വ്യാജമായി ഉണ്ടാക്കുന്നതും. സൈബർ കുറ്റകൃത്യങ്ങളിൽ പൊലീസ് ആക്ടിന്റെ 120 (ഒ) അനുസരിച്ചും കേസെടുക്കാം. ജാമ്യമില്ലാത്ത വകുപ്പായതിനാൽ പൊലീസിന് ഈ വകുപ്പ് അനുസരിച്ച് നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. ബന്ധപ്പെട്ട വ്യക്തി കോടതിയെ സമീപിച്ചാൽ കോടതി നിർദേശ പ്രകാരം കേസെടുക്കാം. മുൻപ് പൊലീസ് കോടതിയിൽ നേരിട്ട് അപേക്ഷ നൽകി കേസെടുത്തിരുന്നു. ഹൈക്കോടതി വിധി വന്നതോടെ ഇതിനു കഴിയാതെയായി.

കോടതി നിർദേശം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് തിരിച്ചടിയുണ്ടാക്കുന്നതായി പൊലീസ് പറയുന്നു. സൈബർ ആക്രമണത്തിന് ഇരയാകുന്ന ആളുടെ സമൂഹമാധ്യമത്തിലെ പേജിൽ മോശകരമായ കമന്റുകൾ ഇടുകയും വാട്സാപ്പിൽ മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്താൽ ഐപിസി 354 ഡി അനുസരിച്ച് കേസെടുക്കാം. ബ്ലോക്ക് ചെയ്തിട്ടും വീണ്ടും സന്ദേശം അയച്ചാലും ഈ വകുപ്പ് നിലനിൽക്കും. ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. അടുപ്പമുള്ളയാളായാലും സമൂഹമാധ്യമത്തിലെയോ ഫോണിലെയോ പാസ്‌വേഡ് നൽകരുതെന്ന് സൈബർ വിദഗ്ധർ പറയുന്നു. സൈബർ ആക്രമണം ഉണ്ടായാൽ വേഗം കേസ് നൽകണം. സൈബർ രംഗത്തെ ചതിക്കുഴികളെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകണം. കടുത്തുരുത്തിയിലെ സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള അരുണിന്റെ പശ്ചാത്തലം അറിയാവുന്നതിനാൽ നടപടികൾ എളുപ്പമാണെന്നും ആളെ അറിയാത്ത കേസുകളിൽ സമൂഹമാധ്യമ കമ്പനികളിൽനിന്ന് വിവരം ലഭിക്കാൻ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.

‘‘പരമ്പരാഗത നിയമങ്ങൾ തന്നെയാണ് കേസുകളിൽ ബാധകമാകുന്നതെങ്കിലും ചില തെളിവുകൾ കിടക്കുന്നത് സൈബർ മേഖലയിലായതിനാൽ സമൂഹ മാധ്യമ കമ്പനികളിൽനിന്ന് തെളിവുകൾ ഔദ്യോഗികമായി ശേഖരിക്കേണ്ടിവരും. ഈ സൈബർ തെളിവുകൾ കണ്ട മറ്റു വ്യക്തികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. സൈബർ തെളിവുകൾ എവിഡൻസ് ആക്ടിലെ 65 ബിയിലെ നിർദേശങ്ങൾ പാലിച്ചിരിക്കണം. സൈബർ തെളിവുകളും മൊഴികളും കോടതിക്കു സ്വീകാര്യമായ തരത്തിലുള്ളതാണെങ്കിലേ കേസ് നിലനിൽക്കൂ. സൈബർ അല്ലാത്ത തെളിവുകളും ശക്തമായിരിക്കണം’’–സൈബർ വിദഗ്ധനായ ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌ പറഞ്ഞു.

Advertisement