കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കും; റേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി ജിആർ അനിൽ. നാളെ സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്.

സമരം മൂലം സക്കാർ നിശ്ചയിച്ച റേഷൻ വിതരണ സമയത്ത് കടകളിൽ നിന്നും റേഷൻ വിതരണം നടക്കാത്ത സാഹചര്യമുണ്ടായാൽ അതിനെ ഗൗരവമായികണ്ട് ബന്ധപ്പെട്ട റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി ഇന്നലെ മന്ത്രി ചർച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിൻമേൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങൾ സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിക്കുകയും സമരത്തിൽ നിന്നും പിൻമാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Advertisement