സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി,മാറ്റം ഇങ്ങനെ

തിരുവനന്തപുരം.സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.ഓട്ടോറിക്ഷ, സ്‌കൂള്‍ ബസ് എന്നിവയുടെ വേഗപരിധി 50 കിലോമീറ്റര്‍ എന്നത് തുടരും

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

Advertisement