റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ കേന്ദ്രം 40,000 കോടി രൂപ ചെലവഴിക്കും,മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി.റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ കേന്ദ്രം 40,000 കോടി രൂപ ചെലവഴിക്കും എന്നറിയിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

റോഡിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം റോഡപകടങ്ങള്‍ കുറയ്ക്കുക എന്നതും ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ ഒരു നീക്കം. എഎന്‍ഐയുമായുള്ളഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യജീവനുകള്‍ വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ആശങ്കയും രേഖപ്പെടുത്തി.

” നമ്മുടെ രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡപകടങ്ങളും 1.5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും 18 മുതല്‍ 34 വയസ്സിനിടയിലുള്ളവരാണ്. അപകടങ്ങള്‍ മൂലം പലരും ജീവിതകാലം മുഴുവന്‍ ചേതനയറ്റ പോലെ കഴിയേണ്ടിവരുന്നുവെന്നും” ഗഡ്കരി പറഞ്ഞു. അതേസമയം 2021ല്‍ റോഡപകടങ്ങളില്‍ ഏകദേശം 1.54 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3.84 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ 2020ല്‍ ആകട്ടെ റോഡപകടങ്ങളില്‍ തന്നെ 1.31 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3.49 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇപ്പോള്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഏകദേശം 40,000 കോടി രൂപ ചെലവിട്ടാണ് കേന്ദ്രം ബ്ലാക്ക് സ്‌പോട്ടുകള്‍ നീക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ ഒമ്ബത് വര്‍ഷമായി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്ന വാസ്തവവും അദ്ദേഹം അംഗീകരിച്ചു.

അപകടങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന കാരണങ്ങളുണ്ട്. ട്രാഫിക് സിഗ്‌നലുകള്‍, സൈനേജ്, വാഹനങ്ങളില്‍ നിര്‍ബന്ധിത ആറ് എയര്‍ ബാഗുകള്‍, മെച്ചപ്പെട്ട റോഡ് നിര്‍മാണം എന്നിവ കൂടാതെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ആളുകള്‍ ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ‘ ആളുകളുടെ സഹകരണമില്ലാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റോഡ് സുരക്ഷയില്‍ ആളുകളുടെ ഇടപെടല്‍ വളരെ പ്രധാനമാണ്. ബോംബെയില്‍ നിന്നുള്ള സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.

അതോടൊപ്പം അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2024 ഓടെ റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കണമെന്ന് ഗഡ്കരി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ ഭരിച്ച ഒന്‍പത് വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ ദേശീയ പാതകളുടെ നീളം ഏകദേശം 59 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസിനുശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ളത് നിലവില്‍ ഇന്ത്യക്കാണ്. 2013-14 കാലയളവില്‍ 91,287 കിലോമീറ്ററായിരുന്നു ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം. എന്നാല്‍ 2022-23 കാലയളവില്‍ ഇത് 145,240 കിലോമീറ്ററായി വര്‍ധിച്ചു.

Advertisement