വാർത്താനോട്ടം

2023 ജൂലൈ 02 ഞായർ

കേരളീയം

🙏കഴിഞ്ഞ മെയ് എട്ടിനു കെഎസ്ആര്‍ടിസിയിലെ ബി.എം.എസ് യൂണിയനംഗങ്ങള്‍ നടത്തിയ ഒരു ദിവസത്തെ പണിമുടക്കിനു കെഎസ്ആര്‍ടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ഡയസ്നോണ്‍ ഹൈക്കോടതി അംഗീകരിച്ചു.
സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. മാര്‍ച്ച് ഒമ്പതിന് ഈ ആവശ്യം ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയപ്പോഴാണ് സംസ്ഥാനം എതിര്‍പ്പ് അറിയിച്ചത്.

🙏തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ലോക്സഭാ സ്പീക്കര്‍, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കി. റസ്റ്റം നടത്തിയ വഴിവിട്ട നടപടികള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

🙏പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി റസ്റ്റത്തിനെതിരേ പ്രതി മോന്‍സന്‍ മാവുങ്കല്‍ കോടതിക്കു പരാതി നല്‍കി. സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരനു പങ്കുണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നാണു കോടതിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

🙏വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളില്‍ വിമര്‍ശിക്കപ്പെട്ട എസ് എഫ് ഐക്കും മിനി കൂപ്പര്‍ വാങ്ങി വിവാദത്തിലായ സിഐടിയു നേതാവിനും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പ്രതിച്ഛായ മോശമാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. എസ്എഫ്ഐയില്‍ തിരുത്ത് അനിവാര്യമാണെന്നു യോഗം വിലയിരുത്തി.

🙏നവസംരഭകരെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയും സമ്മാനിക്കും. നാലു മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് ലക്ഷം രൂപ വീതവും 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. നാല് റൗണ്ടുകളിലായി നടത്തുന്ന മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 14, 15 തീയതികളിലായി എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കും.

🙏കാട്ടാക്കടയില്‍ പണത്തിനു വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ രണ്ടു പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. അനധികൃതമായി ടൈല്‍സ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു പേരും നേരത്തെ സസ്പെന്‍ഷനിലായിരുന്നു.

🙏വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ബന്ധുക്കള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രതികളെ തെളിവെടുപ്പു പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. കേസിലെ ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അജ്ഞാതരായ രണ്ടു പേര്‍ വീട്ടില്‍ എത്തിയെന്നാണു ബന്ധുക്കളുടെ പരാതി.

🙏തെരുവുനായ കേസില്‍ ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി അഞ്ജലി ഗോപാലന്‍ നല്‍കിയ സത്യവാങ്മൂലം കള്ളമാണെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍. അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തെന്ന് അപേക്ഷയില്‍ പറയുന്നു.

🙏ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ 72 ദിവസം ജയിലാക്കാന്‍ ഇടയാക്കിയ എക്സൈസ് റെയ്ഡില്‍ എക്സൈസിനെ തെറ്റിദ്ധരിപ്പിച്ചയാളെ പിടികൂടാന്‍ നടപടി തുടങ്ങി. ഷീല സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ വ്യാജ ലഹരി സ്റ്റാംപ് വച്ചെന്നു സംശയിക്കുന്ന ബംഗ്ലൂരുവില്‍ താമസിക്കുന്ന ബന്ധുവിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് അയച്ചു. ഷീലയുടെ വീട്ടില്‍ എത്തിയിരുന്ന ബന്ധു സ്‌കൂട്ടറുമായി പുറത്തു പോയിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന ഷീലയുടെ ബാഗ് മാത്രം പരിശോധിച്ചാണ് എക്സൈസ് സംഘം വ്യാജ സ്റ്റാംപ് പിടിച്ചെടുത്തത്.

🙏പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതിലും ഗുരുതര പിഴവ്. കെഎപി അഞ്ചാം ബറ്റാലിയന്‍ പൊലീസുകാരാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഗാര്‍ഡ് ഓഫ് ഓണറിനിടെ തോക്ക് ഉയര്‍ത്തുന്നതിലാണ് വീഴ്ച സംഭവിച്ചത്.

🙏കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. കടയ്ക്കല്‍ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം രാജേന്ദ്രന്‍ നീലകണ്ഠന്‍ എന്നയാളുടെ മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലായത്.

🙏ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പായസം തയാറാക്കാന്‍ ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നിര്‍മ്മിച്ച നാലു ഭീമന്‍ ഓട്ടുരുളികള്‍ എത്തിച്ചു. ആയിരം ലിറ്റര്‍ വീതം പായസം തയ്യാറാക്കാവുന്ന വലിയ നാലു ഓട്ടുരുളികളാണ് എത്തിച്ചത്. 2500 കിലോ ഭാരവും എട്ടടി വ്യാസവും 26 ഇഞ്ച് കുഴിവുമുള്ള വാര്‍പ്പുകളാണിവ.

🙏കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് വടം വലിക്കിടെ എറണാകുളം തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുന്നു. യുഡിഎഫ് വിമതരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭരണം അട്ടിമറിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. കോണ്‍ഗ്രസ് വിമത ഓമന സാബു ഇടത് പിന്തുണയോടെ പുതിയ ചെയര്‍പേഴ്സണാകും. 43 അംഗ തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന് 21 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 17 പേരും കോണ്‍ഗ്രസ് വിമതരായ അഞ്ചു പേരുമുണ്ട്.

🙏റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് റെക്സിന് പകരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയാകും ഇനി പ്രോസിക്യൂട്ടര്‍. കേസിലെ ദൃക്സാക്ഷി പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതില്‍ അഡ്വക്കേറ്റ് റെക്സിന് വീഴ്ചയുണ്ടായെന്ന റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

🙏വാടകക്കെടുത്ത വീടിനു നല്‍കിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് റിട്ടയേര്‍ഡ് എസ് ഐ മദ്ദിച്ചെന്നു പരാതി. അണക്കര ചെല്ലാര്‍ കോവില്‍ സ്വദേശി ഇലവുംമൂട്ടില്‍ ബെന്നിയെയാണ് റിട്ടയേര്‍ഡ് എസ് ഐ രാജു മത്തായി മര്‍ദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണു പരാതി.

🙏പട്ടിമറ്റത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍. നിലമ്പൂരില്‍നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വില്‍ക്കാനായിരുന്നു ശ്രമം. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

🙏തൃശൂര്‍ ചിയ്യാരത്ത് ആഡംബര കാറില്‍ 221 കിലോ കഞ്ചാവ് കടത്തിയ കേസില്‍ വന്‍ മാഫിയ തലവനും കൂട്ടാളിയും ഒഡീഷയില്‍ പിടിയില്‍. ഒഡീഷ ഗജപതി ജില്ല സ്വദേശിനി നമിത പരീച്ച (32), അരുണ്‍ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

🙏കാസര്‍കോട് ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി അയല്‍വാസിയുടെ പറമ്പിലെ കക്കൂസ് കുഴിയില്‍ തള്ളിയത്.

🙏കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയില്‍ ഇറങ്ങിയ രണ്ടു കുട്ടികളില്‍ ഒരാള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റ മകന്‍ സഹല്‍ ആണ് (15) മുങ്ങിമരിച്ചത്.

🙏പ്രായപൂര്‍ത്തിയാകാ
ത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം കുഴിയം സ്വദേശി സുമേഷിനെ (29)യാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

🙏പ്രായപൂര്‍ത്തിയാ
കാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കഠിനതടവിനും നഷ്ടപരിഹാരത്തിനും ശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി. തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി പാവറട്ടി പുതുമനശേരി മുസ്തഫയെ (40) 15 വര്‍ഷം തടവിനും 60,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. മറ്റൊരു കേസ്സില്‍ ചേലക്കര മേപ്പാടം സ്വദേശി പയറ്റി പറമ്പില്‍ റഫീക്കിനെ (48) നാലുവര്‍ഷം ഒമ്പതുമാസം തടവിനും 61,000 രൂപ പിഴക്കും ശിക്ഷിച്ചു.

ദേശീയം

🙏ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ സ്ഥിര ജാമ്യ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ഏഴു ദിവസത്തേക്കു സ്റ്റേ ചെയ്തു. ഹൈക്കോടതിക്കെതിരേ വിമര്‍ശനവുമായാണ് സുപ്രീംകോടതി ഉത്തരവ്. ഇതോടെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ടീസ്തയ്ക്ക് അവസരം ലഭിക്കും.

🙏പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുന്ന സമ്മേളനം പകുതി ദിവസം പിന്നിടുമ്പോള്‍ പുതിയ മന്ദിരത്തിലേക്കു മാറും.

🙏ഒരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🙏ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു നേരെയുണ്ടായ വധശ്രമത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു. ഹരിയാനയിലെ അംബാലയില്‍നിന്നു പിടിയിലായ പ്രതികളില്‍ മൂന്നുപേര്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളാണ്. ഒരാള്‍ ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.

🙏ജൂണില്‍ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1,61,497 കോടി രൂപ. കഴിഞ്ഞ വര്‍ഷം ജൂണിലെ ജിഎസ്ടി കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1.44 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.

🙏രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക രണ്ടു ലക്ഷം കോടി കവിഞ്ഞു. റിസര്‍വ് ബാങ്കാണ് ഈ കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2,00,258 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 29.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ്.

🙏ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചു നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ നിലപാടെടുക്കുമെന്നു പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ഏക സിവില്‍ കോഡ് ബില്ലിനായി പാര്‍ലമെന്റിന്റെ നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി ചേര്‍ന്നത്.

🙏മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്നു ജയറാം രമേശ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. പാര്‍ലമെന്റ് സമിതി മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം. അദ്ദേഹം ആവശ്യപ്പെട്ടു.

🙏ഇന്ത്യയും മ്യാന്മാറും തമ്മില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്തി. രണ്ടു ദിവസത്തെ പര്യടനത്തിനായി മ്യാന്‍മറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനയും മ്യാന്‍മറിന്റെ ചെയര്‍മാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ സീനിയര്‍ ജനറലുമായ മിന്‍ ഓങ് ഹ്ലെയിങ്ങും തമ്മില്‍ തലസ്ഥാനമായ നയ്പിഡോയില്‍ ആയിരുന്നു ചര്‍ച്ച.

🙏മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുകയാണെന്ന് ബിജെപി മണിപ്പൂര്‍ ഘടകം. എന്നാല്‍ മണിപ്പൂരിലെ അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി പറഞ്ഞു.

🙏തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. നിര്‍മ്മാതാക്കളില്‍ നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയ ശേഷം കോള്‍ ഷീറ്റ് നല്‍കാത്ത താരങ്ങള്‍ അടക്കം പട്ടികയില്‍ ഉണ്ട്. മുന്‍നിര താരങ്ങളായ ചിമ്പു, വിശാല്‍, എസ് ജെ സൂര്യ, അദര്‍വ, വിജയ് സേതുപതി, യോഗിബാബു എന്നിവര്‍ ഈ പട്ടികയിലുണ്ടെന്നാണു റിപ്പോര്‍ട്ട്.

അന്തർദേശീയം

🙏ഇന്ന് അന്താരാഷ്ട്ര ബിരിയാണി ദിനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴര കോടിയിലേറെ ബിരിയാണി ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ നല്‍കിയെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി വെളിപ്പെടുത്തി.

🙏പതിനേഴുകാരനെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം. അള്‍ജീരിയന്‍ മൊറോക്കന്‍ വംശജനായ നയെല്‍ എന്ന യുവാവിനെയാണു വാഹന പരിശോധനയ്ക്കിടെ പോലീസ് വെടിവച്ചുകൊന്നത്. പ്രതിഷേധിച്ചതിനു നാലു ദിവസത്തിനിടെ ആയിരത്തിലേറെ പേരെ അറസ്റ്റു ചെയ്തു. സമരക്കാരെ നേരിടാന്‍ നാല്‍പതിനായിരം പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.

🙏പറന്നുയരാനിരിക്കേ വിമാനത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. യാത്രക്കാരെ പുറത്തിറക്കി വിമാനം റണ്‍വേയില്‍നിന്ന് മാറ്റി.

🙏ട്വിറ്ററില്‍ ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചെന്ന് എലോണ്‍ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ദിവസം 600 പോസ്റ്റുകള്‍ മാത്രം വായിക്കാം. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക്, പരിധി 300 പോസ്റ്റുകള്‍ ആയി കുറച്ചിട്ടുമുണ്ട്. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ കാണാമെന്നും മസ്‌ക് വ്യക്തമാക്കി.

കായികം

🙏സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ലെബനനെ കീഴടക്കി ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ 4-2നാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍

🙏2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. സിംബാബ്വേയില്‍ നടക്കുന്ന യോഗ്യതാ മത്സരത്തില്‍ സ്‌കോടല്ന്‍ഡിനോട് തോറ്റതോടെയാണ് ചരിത്രത്തിലാദ്യമായി വിന്‍ഡീസ് ഇല്ലാത്ത ഒരു ലോകകപ്പ് അരങ്ങേറുന്നത്. യോഗ്യതാ റൗണ്ടില്‍ കരീബിയന്‍ പട അവസാന മൂന്ന് കളികളില്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന് തോറ്റതിന് പുറമെ നെതര്‍ലന്‍ഡിനോട് സൂപ്പര്‍ ഓവറിലും സിംബാബ്വെയോട് 35 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുകയായിരുന്നു.

Advertisement