വാർത്താനോട്ടം

Advertisement

2024 മെയ് 06 തിങ്കൾ


🌴കേരളീയം🌴



🙏 സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെ വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ്  മുന്നറിയിപ്പ് നല്‍കുന്നുണ്ട്




🙏 തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആര്‍ടിസിയും പൊലീസും. തര്‍ക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി.



🙏 ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയും എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ചു.



🙏 കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട്  കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്. കന്യാകുമാരി സ്വദേശികളായ ആറ്മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.


🙏 റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി.  അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന്‍
എന്നിവരെ അറസ്റ്റ് ചെയ്തു.


🙏 താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയുമാണ് കവര്‍ന്നത്.


🙏 പത്തനംതിട്ട ഏറത്ത്  കിണറ്റില്‍ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ തൊട്ടിയെടുക്കാന്‍ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ആഴമേറിയ കിണറ്റില്‍ ഓക്സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായതെന്നാണ് സൂചന.




🙏 സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.


🇳🇪  ദേശീയം  🇳🇪


🙏രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 ഉം കര്‍ണാടകത്തിലെ 14 ഉം മധ്യപ്രദേശിലെ 8 ഉം യുപിയിലെ 10 ഉം മഹാരാഷ്ട്രയിലെ 11 ഉം മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.




🙏 ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

🙏 ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി.


🙏 ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറെ
കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കനേഡിയന്‍ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

🙏 ലൈംഗികാതിക്രമ
ക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ കര്‍ണാടകയിലെ നാളത്തെ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവില്‍ പ്രജ്വല്‍ മസ്‌കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.



🙏 മധ്യപ്രേദശില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.


🙏 അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.

🙏 റായ്ബറേലി അമേഠി സീറ്റു നിര്‍ണ്ണയത്തെ ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് പ്രിയങ്കാ
ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. അധികാരവും പദവിയും
കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.



🙏 റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവന്‍സമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ ഇന്നെത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

🙏 കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും യോഗി ആരോപിച്ചു.



🙏 ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി.


🇦🇽  അന്തർദേശീയം 🇦🇴


🙏 ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച് സിനിമാ പ്രേമികള്‍ക്കിടയില്‍ ചിര പ്രതിഷ്ഠ നേടിയ നടന്‍ ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടനാണ് ബെര്‍ണാഡ് ഹില്‍.

🙏 ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍-ജസീറ ഇസ്രയേലില്‍ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്ന് അല്‍ ജസീറ എക്‌സില്‍ കുറിച്ചു.


🏏  കായികം  🏏

🙏ഐപിഎല്ലില്‍
പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.



🙏 ഐപിഎല്ലില്‍ ഇന്നലെ

നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.  ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത 39 പന്തില്‍ 81 റണ്‍സെടുത്ത സുനില്‍ നരെയന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു.




🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്റുള്ള  രാജസ്ഥാന്‍ രണ്ടാമതും 12 പോയന്റുള്ള ചെന്നൈ മൂന്നാമതുമാണ്.

Advertisement