മോസ്‌കോ: റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ മുഖ്യസൂത്രധാരനും റഷ്യൻ പ്രസിഡന്റിന്റെ റാസ്‌പുടിൻ എന്നും അറിയപ്പെടുന്ന അലക്‌സാണ്ടെർ ഡുഗിന്റെ മകൾ കാർബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

ആക്രമണം അലക്‌സാണ്ടറെ ലക്ഷ്യമിട്ടുള‌ളതായിരുന്നുവെന്നും എന്നാൽ അപകടത്തിൽ മകൾ ദരിയാ ഡുഗിൻ പെട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ദരിയാ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ കത്തിയമരുന്നതും അടുത്തുതന്നെ അലക്‌സാണ്ടർ കണ്ടുനിൽക്കുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രം വച്ചുപുലർത്തുന്നയാളാണ് അലക്‌സാണ്ടർ. അദ്ദേഹത്തിന്റെ മകൾ ദരിയായും ഇതേ പ്രത്യയശാസ്‌ത്രം പിൻതുടരുന്നയാളാണ്. പിതാവിനെ വിവിധ കാര്യങ്ങളിൽ ദരിയാ ഉപദേശിച്ചിരുന്നതായാണ് വിവരം. ബ്രിട്ടൺ പുറത്തിറക്കിയ റഷ്യൻ ഉപരോധ പട്ടികയിൽ ദരിയയും ഉൾപ്പെട്ടിരുന്നു.

2015ൽ അമേരിക്ക അലക്‌സാണ്ടറിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ബിസിനസ് ബന്ധമടക്കം വിച്ഛേദിക്കുകയും ചെയ്‌തിരുന്നു. റഷ്യൻ അധീനതയിലുള‌ള സപ്പോരിജിയ ആണവനിലയത്തിന് ചുറ്റും ഷെല്ലാക്രമണം നടന്നിരുന്നു. റഷ്യയ്‌ക്ക് അനുകൂലമായ ക്രിമിയ പ്രദേശത്തും കനത്ത സ്‌ഫോടനം നടന്നതായി വിവരമുണ്ട്. തെക്കൻ യുക്രെയിനിൽ ആണവനിലയത്തിന് അടുത്ത് ജനവാസമേഖലയിൽ മിസൈൽ പതിച്ച്‌ 12 പേർ‌ക്ക് പരിക്കേറ്റ സംഭവമുണ്ടായതിന് പിന്നാലെയാണ് ദരിയാ ഡുഗിൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നത്.