ഗുരുവായൂരിൽ 17ന് താലികെട്ട് നടക്കില്ലെന്ന വാർത്ത, പിന്നാലെ പൊലീസിന് പരാതി പ്രവാഹം, എല്ലാം സെറ്റിലാക്കി പൊലീസ്

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങൾ വിലക്കിയെന്ന വാർത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രവാഹം. അന്നേ ദിവസം ​ഗുരുവായൂരിൽ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്.

17ന് മറ്റു വിവാഹങ്ങൾ വിലക്കിയിട്ടില്ലെന്നും കർശന നിയന്ത്രണമേർപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരു വിവാഹത്തിന് 20 അം​ഗങ്ങളെ മാത്രമേ അനുവദിക്കൂ. വിവാഹത്തിന് ​എത്തുന്നവരെല്ലാം തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഫോട്ടോയും നൽകി പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് എടുക്കണമെന്നും പൊലീസ് അറിയിച്ചു.

17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. കൊച്ചിയില്‍ മോദിയുടെ റോഡ് ഷോയും നടക്കും.

വെള്ളിയാഴ്ച എസ്.പി.ജി. കമാന്‍ഡോസ് എത്തും. നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ ക്ഷേത്ര പരിസരത്ത് സന്ദര്‍ശനം നടത്തി.

Advertisement