കോഴിക്കോട്: താമരശേരിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതികാരം തീർക്കാനായിരുന്നുവെന്ന് പ്രതികളുടെ മൊഴി. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതികളിലൊരാൾ കടം ചോദിച്ചപ്പോൾ പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ പീഡനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പണം നൽകാത്തതിലുള്ള വിരോധത്തിൽ പ്രതി പെൺകുട്ടിയുടെ പഴ്സ് തട്ടിപ്പറിച്ചിരുന്നു. എന്നാൽ സംഭവം അറിഞ്ഞ ബന്ധുക്കൾ ഇടപെട്ട് പഴ്സ് തിരികെ വാങ്ങി. ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ബസിൽവച്ച് നിരവധി തവണ പീഡിപ്പിച്ചതായും പ്രതികൾ സമ്മതിച്ചതായാണ് വിവരം.
അതേസമയം, കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമാണ്. 26ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും ഇന്നലെ ഉച്ചവരെ സ്വകാര്യ ബസ് സർവീസ് തുടർന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.
പ്രതികാരം തീർക്കാൻ ലഹരിമരുന്ന് നൽകി പീഡനം; ദൃശ്യങ്ങൾ പകർത്തി ഭീഷണി: താമരശേരി ബസ് പീഡനക്കേസിൽ പ്രതികളുടെ മൊഴി
Advertisement
























