26.9 C
Kollam
Thursday 26th November, 2026 | 10:47:25 AM
Home News Breaking News ശബരിമലയിൽ രഹസ്യ ചിത്രീകരണം വ്യാപകം; കർശന നടപടിക്കൊരുങ്ങി പോലീസ്

ശബരിമലയിൽ രഹസ്യ ചിത്രീകരണം വ്യാപകം; കർശന നടപടിക്കൊരുങ്ങി പോലീസ്

Advertisement

ശബരിമല: ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വീഡിയോയും രഹസ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വർധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിലക്ക് ലംഘിച്ച് ചിത്രീകരണം നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചു.

ദൃശ്യങ്ങൾ പകർത്തുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പിടിച്ചെടുക്കും. സന്നിധാനത്തെ ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് കേരള ഹൈക്കോടതിയും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നതിനും വ്ലോഗുകൾ തയ്യാറാക്കുന്നതിനുമാണ് പ്രധാനമായും മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതെന്നാണ് കണ്ടെത്തൽ. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

**ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചിത്രീകരണം**

ദർശനത്തിനായി തിരുനടയിലെത്തുന്നതിന് മുൻപ് മൊബൈൽ ഫോണിൽ വീഡിയോ റെക്കോഡിങ് ആരംഭിച്ച് ഷർട്ടിന്റെ മുൻവശത്തെ കീശയിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിച്ചാണ് ചിലർ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചിത്രീകരണം നടത്തുന്നത്. പിന്നീട് ചിത്രീകരണത്തിന് അനുമതിയുള്ള സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കൂടി എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ലൈക്കും ഷെയറും വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

മറ്റുചിലർ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് ദൃശ്യങ്ങൾ അയച്ചുനൽകുന്നത്. ഇത്തരം വീഡിയോകൾ സാമൂഹികവിരുദ്ധരും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

**യൂട്യൂബർക്കെതിരെ കേസ്**

ക്ഷേത്രാചാരങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ചിത്രീകരണങ്ങൾക്കെതിരെ പോലീസും ദേവസ്വം ബോർഡും നടപടി കർശനമാക്കി. ശബരിമല നട അടച്ച സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച റാന്നി സ്വദേശിയായ യൂട്യൂബർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

‘നടയടച്ചശേഷമുള്ള ശബരിമലക്കാഴ്ച’ എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാംപടിയുടെയും കൊടിമരത്തിന്റെയും ദൃശ്യങ്ങളാണ് ഇയാൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് വീഡിയോ നീക്കം ചെയ്തു.

രണ്ടുവർഷം മുൻപ് തമിഴ്നാട് സ്വദേശിയായ ഒരാൾ അയ്യപ്പവിഗ്രഹം ചിത്രീകരിച്ച് ശബരിമലയിൽത്തന്നെ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here