29.2 C
Kollam
Wednesday 18th November, 2026 | 06:45:06 PM
Home News Breaking News ബിജെപിയോട് വിടപറയാൻ പത്മജ വേണുഗോപാൽ; കോൺഗ്രസിലേക്കു മടങ്ങാൻ നീക്കം

ബിജെപിയോട് വിടപറയാൻ പത്മജ വേണുഗോപാൽ; കോൺഗ്രസിലേക്കു മടങ്ങാൻ നീക്കം

Advertisement

തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെക്കാനൊരുങ്ങി പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പാർട്ടി വിടാനുള്ള നീക്കമെന്നാണ് സൂചന. അടുത്ത ദിവസം രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു പത്മജയ്ക്കുണ്ടായിരുന്നത്. ഗവർണർ പദവി, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം തുടങ്ങിയ സുപ്രധാന പദവികൾ ലഭിക്കുമെന്ന പ്രതീക്ഷയും ഇതിലുണ്ടായിരുന്നു. ഇതിനായി പലതവണ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിവരം.

തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും പത്മജയ്ക്കുണ്ടായിരുന്നു. ഇതോടെ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലായി. ബിജെപിയുടെ പ്രധാന പരിപാടികളിൽപ്പോലും പത്മജയുടെ സാന്നിധ്യം കുറഞ്ഞിരുന്നു. പദവികളൊന്നും ലഭിക്കാത്തതിനു പുറമേ പാർട്ടിയിൽ അവഗണന നേരിടേണ്ടിവന്നതും അതൃപ്തിക്ക് കാരണമായെന്നാണ് സൂചന.

ഇതോടെയാണ് ബിജെപി വിടുന്നതിനും കോൺഗ്രസിലേക്ക് മടങ്ങുന്നതിനുമുള്ള ആലോചനകൾ ശക്തമായത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷനുമായും നടത്തിയ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് വിവരം. പത്മജയുടെ മടക്കയാത്രയ്ക്ക് അനുകൂലമായി അവരെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ടെന്നാണ് സൂചന. കോൺഗ്രസിലേക്ക് മടങ്ങിയാൽ അനുയായികളിൽ ഒരു വിഭാഗവും ഒപ്പം ചേരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here