അൽ അമിറാത്ത് (ഒമാൻ): അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്ഥാൻ കലാശപ്പോരിന് കളമൊരുങ്ങി. രണ്ടാം സെമിയിൽ അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ലീഗ് റൗണ്ടിൽ പാകിസ്ഥാനോടേറ്റ തോൽവിക്ക് ഫൈനലിൽ പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസം 14നാണ് ഇന്ത്യ – പാക് ഫൈനൽ. ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്.
രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 36.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി (230). 57 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 51 റൺസെടുത്ത ആര്യവീർ സെവാഗാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകനാണ് ആര്യവീർ.
ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. 90 പന്തിൽ 13 ഫോറും ഒരു സിക്സുമടക്കം 93 റൺസെടുത്ത ലക്ഷ്യയ്ക്ക് സെഞ്ച്വറി നഷ്ടമായി. ആര്യവീറും ലക്ഷ്യയും ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസ് കൂട്ടിച്ചേർത്തു. ആര്യവീർ പുറത്തായതിനു പിന്നാലെ ഇന്നിങ്സ് മുന്നോട്ടുനയിച്ച ലക്ഷ്യ 194 റൺസിലെത്തിയപ്പോഴാണ് മടങ്ങിയത്.
തുടർന്ന് വികെ വിനീതും യഷ്ബർധൻ ചൗഹാനും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വിനീത് 57 റൺസുമായി പുറത്താകാതെ നിന്നു. യഷ്ബർധൻ 16 റൺസും നേടി. വിനീതിന്റെ സിക്സറിലൂടെയാണ് ഇന്ത്യ വിജയമുറപ്പിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നോമാൻ സലാർസായിയുടെയും ഷാ ഫൈസൽ റഹീമിയുടെയും അർധ സെഞ്ച്വറികളാണ് തുണയായത്. ഇരുവരും 51 റൺസ് വീതം നേടി. സുബ്ഹാൻ സഖൈൽ 31 റൺസെടുത്തു. ക്യാപ്റ്റൻ സൊഹൈൽ ഖാൻ 36 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഇഷാൻ സൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി. യഷ്ബർധൻ ചൗഹാനും കാവ്യ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.






























