അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ വിളക്കുപാറ കിണറ്റുമുക്ക് വാർഡിൽ മുഖംമൂടി ധരിച്ച അജ്ഞാതന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. കൊച്ച് ഈച്ചംകുഴി എബനൈസർ ഗാർഡനിൽ ബെൻസിയുടെ വീടിന് സമീപമാണ് അജ്ഞാതനെ കണ്ടത്.
കുട്ടികളാണ് ആദ്യം മുഖംമൂടിക്കാരനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും വെള്ളിയാഴ്ച പുലർച്ചെ മൂന്നുവരെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകിട്ട് അഞ്ചരയോടെ സമീപത്തെ പുരയിടത്തിനടുത്ത് വീണ്ടും അജ്ഞാതനെ കണ്ടതായി ലോഡിങ് തൊഴിലാളികൾ അറിയിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി വർധിച്ചു.
തുടർന്ന് നൂറോളം നാട്ടുകാരും പൊതുപ്രവർത്തകരും തിരച്ചിൽ ലൈറ്റുകളുമായി പ്രദേശം മുഴുവൻ അരിച്ചുപെറുക്കി. എന്നാൽ അജ്ഞാതനെ കണ്ടെത്താനായില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള സംഘമാണോ ഇതിന് പിന്നിലെന്ന ആശങ്കയിലാണ് നാട്ടുകാർ.
സംഭവത്തെത്തുടർന്ന് മേഖലയിൽ പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിലോ ഏരൂർ സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.




























